Jun 6, 2012
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യൂണിഫോം ഉത്തരവിറങ്ങി
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി യൂണിഫോം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത്തരത്തില്‍ ഒരു വാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഇതുവരെയും ഉത്തരവ് ഇറങ്ങിയിരുന്നില്ല. എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെയും പദ്ധതിയിലുള്‍പ്പെടുത്തണമെന്ന സര്‍ക്കാറിന്റെ നിര്‍ദേശത്തില്‍ തീരുമാനമാകാത്തതായിരുന്നു താമസത്തിന് കാരണം.
സ്‌കൂള്‍തുറന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ താമസം വരരുതെന്ന നിര്‍ദേശത്തെത്തുടര്‍ന്നാണ് വ്യക്തമായ ഉത്തരവ് ഇറങ്ങിയത്. പക്ഷെ ഈവര്‍ഷം എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന എ.പി.എല്‍ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്കും യൂണിഫോം ലഭിക്കില്ല.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ) മുഖേനയാണ് കേരളത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. നിര്‍ദേശം നേരത്തെതന്നെ കേന്ദ്ര പ്ലാനിങ്‌ബോര്‍ഡും സര്‍ക്കാരും അംഗീകരിച്ചിരുന്നുവെങ്കിലും കേരളത്തില്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന ആയിരക്കണക്കിന് കുട്ടികളും നിര്‍ധന വിഭാഗത്തില്‍പ്പെട്ടതാണെന്നും അവരെയും പദ്ധതിയിലുള്‍പ്പെടുത്തണമെന്നുമുള്ള ആവശ്യം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് കേരളം കേന്ദ്രത്തിന് നിവേദനം നല്‍കുകയും ചെയ്തു. ഈ നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടാത്തതിനാലാണ് സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മാത്രമായി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്ന് തിരുവനന്തപുരം എസ്.എസ്.എ അധികൃതര്‍ പറഞ്ഞു.
ഇതനുസരിച്ച് ഒരുകുട്ടിക്ക് രണ്ടുജോഡി യൂണിഫോം വീതം നല്‍കാനാണ് നിര്‍ദേശം. 400 രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. വിദ്യാഭ്യാസ ഓഫീസുകള്‍ മുഖേന ഇതു നല്‍കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോള്‍ സ്‌കൂള്‍ വികസന സമിതി, പി.ടി.എ, പ്രധാനാധ്യാപകന്‍ എന്നിവര്‍ ചേര്‍ന്ന് തുണിവാങ്ങി നല്‍കിയശേഷം ബി.ആര്‍.സി വഴി അതിനുള്ള ചെക്ക് അവര്‍ക്ക് നല്‍കാനാണ് തീരുമാനം. സംസ്ഥാനത്ത് ഇതിന് 37 കോടി രൂപയാണ് ചെലവുവരിക. എയ്ഡഡ് വിദ്യാലയങ്ങളിലെ കുട്ടികള്‍ക്കുകൂടി പദ്ധതിയുടെ ഗുണം കിട്ടണമെങ്കില്‍ 72 കോടികൂടി വേണ്ടിവരും.
സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ ആണ്‍കുട്ടികള്‍ക്കും പട്ടികജാതി കുട്ടികള്‍ക്കുമാണ് ഈ പദ്ധതിവഴി ഇപ്പോള്‍ യൂണിഫോം കിട്ടുക. ഇവയുടെ വിതരണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള നിര്‍ദേശം വിദ്യാലയങ്ങളിലേക്ക് എത്തിക്കാനുള്ള നടപടി ആയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു
Subscribe to:
Post Comments (Atom)
No comments:
Post a Comment