Jul 28, 2012
മാതൃഭൂമി, മലപ്പുറം: വികസനവും വളര്‍ച്ചയും എന്ന വിഷയത്തില്‍ കുട്ടികള്‍ ചേര്‍ന്ന് നടത്തിയ സെമിനാറില്‍ വിഷയാവതരണം കഴിഞ്ഞപ്പോള്‍ കിട്ടിയ അഭിനന്ദനം പത്താം ക്ലാസ്സുകാരി നസ്‌ല ഷഹാനയ്ക്ക് മറക്കാന്‍ കഴിയില്ല. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ മകള്‍ നൂരിയ അന്‍സാരിയുടെ അഭിനന്ദനം നസ്‌ലയ്ക്ക് മാത്രമല്ല മലപ്പുറം ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ളതായിരുന്നു. അപ്രതീക്ഷിതമായിട്ടാണ് നൂരിയ ഉള്‍പ്പെട്ട ഡല്‍ഹിയില്‍ നിന്നുള്ള ഉന്നത വിദ്യാഭ്യാസ സംഘം മലപ്പുറത്തെ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും സംവദിക്കാനെത്തിയത്.
കേരളത്തിലെ വിദ്യാഭ്യാസമേഖലയില്‍ വിജയകരമായി നടപ്പാക്കുന്ന നിരന്തര മൂല്യനിര്‍ണയ രീതിയെക്കുറിച്ച് പഠിക്കാനാണ് ഡല്‍ഹിയിലെ ലേണിങ്ങ് ലിങ്ക്‌സ് വൈസ് പ്രസിഡണ്ടായ നൂരിയയും സംഘവും കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെത്തിയ സംഘത്തോട് മലപ്പുറമാണ് പഠനത്തിന് പറ്റിയ സ്ഥലമെന്ന് നിര്‍ദ്ദേശിച്ചത് പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്നു. ഡി.ഡി.ഇ കെ.സി. ഗോപിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് മലപ്പുറത്തെത്തിയ നൂരിയയേയും സംഘത്തേയും ഗേള്‍സ് സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുവന്നത്.
സ്‌കൂളില്‍ കുട്ടികള്‍ അവതരിപ്പിച്ച കാര്യങ്ങള്‍ ശ്രദ്ധയോടെ കേട്ടിരുന്ന നൂരിയ അന്‍സാരി വിവര ശേഖരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കുട്ടികളോട് ചോദിച്ചറിഞ്ഞു. അമീറ, സുവ്‌സാന്‍, സുനീറ, ഷിഫ്‌ന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കുട്ടികളുടെ സെമിനാറിന് ശേഷം അധ്യാപകരുമായും നൂരിയയും സംഘവും ആശയങ്ങള്‍ പങ്കിട്ടു. നിരന്തര മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ട വിവിധ വീഡിയോകളുടെ പ്രദര്‍ശനവും സംഘം വീക്ഷിച്ചു. ലേണിങ്ങ് ലിങ്ക്‌സ് സി.ഇ.ഒ ഡോ.അഞ്ജലി പ്രകാശ്, പ്രോഗ്രാം മാനേജര്‍ ശത്രുഭ ദാസ് ഗുപ്ത, ആഗ്‌നസ് നഥാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment