സ്‌കൂളിലെ നിരന്തര മൂല്യനിര്‍ണയത്തില്‍ കുട്ടികള്‍ക്ക് കൈയയച്ച് മാര്‍ക്ക് നല്‍കുന്ന രീതി അവസാനിക്കുന്നു. മാര്‍ക്കിടുന്നതിന് കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാനതല ഗുണമേന്മാ പരിശോധനാ സമിതിയില്‍ ധാരണയായി. നിരന്തര മൂല്യനിര്‍ണയ പരിപാടി പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് കഴിഞ്ഞ എസ്. എസ്.എല്‍.സി.ഫലത്തിന്റെ അവലോകനം. കഴിഞ്ഞ എസ്.എസ്.എല്‍.സിക്ക് തോറ്റ 24,000 കുട്ടികള്‍ക്കും നിരന്തരമൂല്യനിര്‍ണയത്തില്‍ (സി.ഇ.) മുഴുവന്‍ മാര്‍ക്കും കിട്ടിയതായി കണ്ടെത്തി. കുട്ടികളുടെ കഴിവോ പ്രകടനമോ മാനദണ്ഡമാക്കിയല്ല ഈ മാര്‍ക്കുദാനമെന്നാണ് ഇത് തെളിയിക്കുന്നത്. ഇതേ തുടര്‍ന്നാണ് രീതി മാറ്റുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗുണമേന്‍മാ പരിശോധനാസമിതി ഇക്കാര്യം ചര്‍ച്ചചെയ്തിരുന്നു.
ക്ലാസ്സിന്റെ ചുമതലക്കാരായ അധ്യാപകരാണ് നിലവില്‍ സി.ഇ.യുടെ മാര്‍ക്ക് ഇടുന്നത്. കുട്ടി തുടര്‍ച്ചയായി ചെയ്തുവരുന്ന പ്രോജക്ടുകളും മറ്റു ജോലികളും പാഠ്യപ്രവര്‍ത്തനങ്ങളും വിലയിരുത്തി വേണം മാര്‍ക്ക് നല്‍കാനെങ്കിലും അതൊന്നും നോക്കാതെ എല്ലാവര്‍ക്കും മുഴുവന്‍ മാര്‍ക്കും നല്‍കുന്ന രീതിയാണിപ്പോള്‍. ഇത് മാറ്റുന്നതിന് ജൂണ്‍-ജൂലായ് മാസങ്ങളില്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. നിരന്തരമൂല്യനിര്‍ണയം ഉയര്‍ന്ന അധികാരി പരിശോധിക്കാനുള്ള സംവിധാനവും വരും. ഇതിന്റെ ചുമതലക്കാര്‍ ആരാവണമെന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്‍ വകുപ്പ്, ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ തേടും. മാനദണ്ഡങ്ങള്‍ ഉണ്ടാക്കുകയും അധ്യാപകര്‍ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. (മാതൃഭൂമി വാര്‍ത്ത)
1 comment:
മനസ്സാക്ഷിയുള്ള ഒരു അധ്യാപകനും ചെയ്യാൻ ആഗ്രഹിക്കാത്ത കാര്യമാണ് കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി വിദ്യാഭ്യാസ വകുപ്പ് നമ്മെ കൊണ്ട് ചെയ്യിക്കുന്ന ഈ പാതകം. ഏതാനും വര്ഷം മുൻപ് മലയാള മനോരമയുടെ മുൻ പെയ്ജിൽ തന്നെ 20 ല് 17 മാർക്കും അദ്ധ്യാപകൻ ഇടേണ്ടി വരും എന്ന തരത്തിൽ വാർത്ത വന്നത് ഓർക്കുന്നു. ഇത്തരം വാർത്തകൾ പടച്ചു വിടുന്നതിനു മുൻപ് ഇത് കുട്ടികളും വായിക്കും എന്ന് പത്രക്കാർ ഓർക്കേണ്ടതല്ലേ. അതേ പത്രക്കാർ തന്നെ പിന്നീട് നമ്മെ കുറ്റപ്പെടുത്തുകയും ചെയ്യും.
പല വിദ്യാഭ്യാസ ജില്ല മീറ്റിങ്ങുകൾക്കും ശേഷം സി.ഇ. മാര്ക്ക് പരമാവധി ഇടുവാൻ മുകളിൽ നിന്നും നിർദ്ദേശമുണ്ട് എന്ന് എച്.എം. പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ മനസ്സില്ലാ മനസ്സോടെ ഈ മഹാ പാതകം പലരും ചെയ്തു വരുന്നു.
ഇപ്പോ പരിശീലനം അധ്യാപകർക്ക് നല്കാൻ പോകുന്നു ! ആർക്കാണ് ശരിക്കും പരിശീലനം ആവശ്യം ? ഈ തവണ എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളെയും ജയിപ്പിച്ചു വിട്ടപ്പോൾ മനസ്സാക്ഷി അസ്വസ്ഥമാകുന്നുണ്ടായിരുന്നു. ചില കുട്ടികൾ എങ്ങനെ ഒന്പത് ജയിക്കും ? പിന്നെങ്ങനെ പത്തു ജയിക്കും ? എത്ര നാൾ ഒൻപതിൽ തോല്പ്പിക്കുവാൻ കഴിയും ? അതിനും ഇല്ലേ ഒരു പരിധി ?
നമ്മളെ കൊണ്ട് ഈ പാതകം ചെയ്യിപ്പിച്ചിട്ട് ഇപ്പോൾ നമൾ കുറ്റക്കാർ എന്ന മട്ടിൽ ഒരു ഉളുപ്പും ഇല്ലാതെ ട്രെയിനിംഗ് തരാൻ പോകുന്നു. തുടക്ക കാലത്ത് നേരാം വണ്ണം ചെയ്തിരുന്ന ഒന്ന് വഷലാക്കിയിട്ടു ഇപ്പൊ നമ്മെ കുറ്റപ്പെടുത്താൻ എന്തവകാശം ?
Post a Comment