Jan 31, 2011

സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം


 സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം
കവിതാരചനയില്‍ ഒന്നാംസ്ഥാനവും 'എ'ഗ്രേഡും നേടിയ
ഫാത്തിമ ഷഹനാസിന്റെ കവിത. മലപ്പുറം തിരുക്കാട്
എ.എം.എച്ച്.എസ്.വിദ്യാര്‍ഥിനിയാണ്.

വിഷയം: ഭൂമിയുടെ വിലാപം

പുതിയ രോഗി
ഹോസ്പിറ്റലില്‍ പുതിയൊ-
രഡ്മിറ്റുണ്ടത്രേ
പേര് ഭൂമിയെന്നാണ് പോലും!
അഡ്രസ്സൊട്ടില്ല താനും.
ബയോഡാറ്റ അന്വേഷിച്ചപ്പോള്‍
അവ്യക്തമായ മറുപടിയും
അമ്മയെന്നോ, ദേവിയെന്നോ, എന്തോ,
ആരുടെ അമ്മ? ഏത് ദേവി?
അമ്മമാര്‍ക്ക് വല്ല 'തൊട്ടിലു'മുണ്ടെങ്കില്‍
അവിടെക്കൊണ്ടാക്കാമായിരുന്നു!
ഡോക്ടര്‍മാര്‍ക്ക് ചൊറിഞ്ഞ് തുടങ്ങി,
സിസ്റ്റര്‍മാര്‍ക്കാണ് വേവലാതി
കോണ്‍ക്രീറ്റ് ചെയ്ത മുറ്റത്ത്
രാവിലെ തന്നെ കണ്ടതാണ്.
മങ്ങിയ പച്ച നിറമുള്ള ചേല
പഴയ മട്ടിലാണ് ഉടുത്തിരുന്നത്
ശരീരം മുഴുവന്‍ മുറിവുകളാണ്,
മുഖത്ത് 'നിള' പോലുള്ള കണ്ണീര്‍പാടും
ഫ്‌ളാറ്റുപോലെ കൈകാലുകള്‍
ഇലക്ട്രിക് കമ്പിപോലുള്ള മുടിയും
ചുമക്കുമ്പോള്‍ കറുത്ത പുക വരുന്നു, പുറത്തേക്ക്
ചുണ്ടുകള്‍, വരണ്ടുണങ്ങി-
പാടത്തിന്റെ ചിത്രമായ്
ഏതോ കമ്പിനി കുപ്പിയിലാക്കിയ
വെള്ളം, ആരോ കൊടുത്തു
എന്നിട്ടും, അമിതമായ ഊഷ്മാവില്‍
അതും ആവിയായിപ്പോയി
ഭാണ്ഡത്തില്‍ ഐഡന്റിറ്റി കാര്‍ഡിനായ്
അന്വേഷിച്ചയാള്‍ നിരാശനായി
'ഇ-വെയ്സ്റ്റുകളല്ലാതെ
അതിലൊന്നുമില്ല!
മക്കളുടെ പീഡനം സഹിക്ക
വയ്യാതെ ഓടിപ്പോന്നതാണത്രേ
മൈലുകള്‍ താണ്ടുമ്പോള്‍ സ്വപ്നക്കുന്നുകള്‍
ജെസീബി കണ്ട് പേടിച്ചു!അവസാനം പോലീസിടപെട്ടു,
സ്‌ട്രെച്ചറില്‍ റൂമിലേക്കാക്കി
ഭൂമിയുടെ ചികിത്സാ ഫണ്ടിനായി
ചിലര്‍ ഇറങ്ങിപ്പുറപ്പെട്ടു
ഇഞ്ചക്ഷന്‍ കൊടുത്തു മയക്കിയിട്ടു
ഭൂമി ഏങ്ങലടിച്ചു കരയുന്നു
ആ വിലാപം, പുറത്തടിച്ചു വീശിയ
ഒരു കാറ്റില്‍ ലയിച്ചുചേര്‍ന്നു
ആ കാറ്റാണ്
എനിക്കിതെത്തിച്ചത്
സ്വയം റെക്കോര്‍ഡ് ചെയ്ത്,
നിത്യവും ഞാനിത് കേള്‍ക്കുന്നു...!!

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom