Jan 16, 2011

ശബരിമല: തട്ടിപ്പ് സംഘത്തിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം

വി.കെ രവീന്ദ്രന്‍
ആത്മീയതയുടെ പേരിലായാലും ഇതര വിശ്വാസങ്ങളുടെ പേരിലായാലും തട്ടിപ്പ് നടത്തി പണമുണ്ടാക്കുന്നത് വ്യക്തികളായാലും സമൂഹമായാലും സര്‍ക്കാരായാലും അത് അധാര്‍മ്മികമാണെന്ന് മാത്രമല്ല, തികച്ചുംകുറ്റകരവും കൂടിയാണ്.
ശബരിമലയില്‍ ദശാബ്ദങ്ങളായി തുടരുന്ന ഒരു തട്ടിപ്പാണ് മകരജ്യോതിയെന്നത്. സര്‍ക്കാരും ദേവ സ്വം വകുപ്പും വൈദ്യുതി ബോര്‍ഡും ചേര്‍ന്ന് അറിഞ്ഞുകൊണ്ട് ബോധപൂര്‍വ്വം നടത്തുന്ന ഒരു തട്ടിപ്പാണ് ഇതെന്ന് അറിയാത്തവര്‍ ഭക്തിയുടെ ഹിസ്റ്റീരിയ ബാധിച്ചവരൊഴിച്ച് മറ്റാരുമുണ്ടാവില്ല. ഈ തട്ടിപ്പിനെതിരെ യുക്തിവാദികള്‍ മാത്രമല്ല, യുക്തിബോധമുള്ളവരെല്ലാം നിരന്തരം പ്രതിഷേധിക്കുകയും ഈ ചതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മകരവിളക്ക് ശുദ്ധതട്ടിപ്പെന്ന് രാഹുല്‍ ഈശ്വര്‍.

എന്നാല്‍ പണത്തിന്മേല്‍ ഒരുതരം ആസക്തി പൂണ്ട സര്‍ക്കാരുകളും ദേവസ്വം ബോര്‍ഡും ഇതിന് ദിവ്യത്വ പരിവേഷം നല്‍കി സത്യസന്ധരും ആത്മസമര്‍പ്പിതരുമായ പാവം സാധാരണ ഭക്തജനങ്ങളെ നിരന്തരം ചൂഷണം ചെയ്യുന്നതില്‍ തന്നെയാണ് വ്യാപൃതരായിരിക്കുന്നത്.
ഈ ദിവ്യത്വ പരിവേഷമാണ് ഭക്തജനങ്ങളെ ഇത്രമാത്രം വന്യമായ നിലയില്‍ ശബരിമലയിലേക്ക് ആകര്‍ഷികക്കുന്നത്. എന്നാല്‍ പണത്തിന് ആര്‍ത്തിപൂണ്ട സര്‍ക്കാരുകള്‍ ഭക്തന്മാര്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കാന്‍ ഒരുകാലത്തും സന്നദ്ധമായിട്ടില്ല. സന്നിധാനത്തില്‍ വന്നുവീഴുന്ന പണം വെട്ടിവിഴുങ്ങാനും ധൂര്‍ത്തടിക്കാനും മത്സരിക്കുകയായിരുന്നു അവര്‍.
മകരജ്യോതി സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് തട്ടിപ്പാണ്
ഇന്നലെ ശബരിമലയില്‍ നടന്ന, ഒരു വാക്കുകൊണ്ടും വിശേഷിപ്പിക്കാന്‍ കഴിയാത്ത ദുരന്തവും സംഭവിച്ചത് മകരജ്യോതി എന്നപേരില്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന തട്ടിപ്പ് ദര്‍ശിക്കാനുള്ള തത്രപ്പാടിനിടയിലാണ്. വിലപ്പെട്ട നൂറിലധികം ജീവനുകളാണ് ഇതിന്റെ ഫലമായി നഷ്ടപ്പെട്ടത്. സര്‍ക്കാരും ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റുകളും ചേ ര്‍ന്നൊരുക്കിയ ഗൂഢാലോചനപരമായ തട്ടിപ്പിന്റെ ഇരകളാണ് മരണപ്പെട്ട ഭക്തജനങ്ങളത്രയും.
വേറൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇവരെല്ലാം ചേര്‍ന്ന് ഭക്തിയുടെ പേരില്‍ നടത്തിയ കൂട്ടക്കുരുതിയാണത്. ഇത് അറിഞ്ഞുകൊണ്ട് നടത്തിയ ഒരു ക്രിമിനല്‍ ക്കുറ്റമാണ്. ബന്ധപ്പെട്ടവര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനക്കും കൊലപാതകത്തിനും കേസെടുക്കാനാണ് നമ്മുടെ നിയമസംവിധാനം സന്നദ്ധമാകേണ്ടത്.
ഈയിടെ ഈ കുറിപ്പുകാരന്‍ സ്വാമി സന്ദീപാനന്ദഗിരിയോട് ഒരു ചോദ്യമുന്നയിക്കുകയുണ്ടായി. ‘ഇന്ത്യന്‍ ദാര്‍ശനിക മേഖലയില്‍ നാസ്തികത്വവും ആസ്തികത്വവും ഒരേ കാലത്തുതന്നെ മുന്നോട്ടുവന്നെങ്കിലും യുക്തിവാദം വളര്‍ച്ച നേടാതെ പോവുകയാണുണ്ടായത്. എന്താണ് ഇതിന് കാരണം?’അതിന് അദ്ദേഹം പറഞ്ഞ മറുപടി ‘യുക്തിവാദികളുടെ യുക്തിയില്ലായ്മയാണ് അതിന് കാരണം. ശബരിമല ജ്യോതി തട്ടിപ്പാണോ? ഗുരുവായൂരമ്പലത്തി ല്‍ ഗുരുവായൂരപ്പനുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഗവേഷണം നടത്തലാണ് അവരുടെ മുഖ്യതൊഴില്‍.
ഗുരുവായൂരമ്പലത്തില്‍ ഗുരുവായരപ്പനില്ലെന്നും ശബരിമലയില്‍ സര്‍ക്കാരും വൈദ്യുതി വകുപ്പും ദേവസ്വംബോര്‍ഡും ചേര്‍ന്ന് നടത്തുന്ന തട്ടിപ്പാണ് മകരജ്യോതിയെന്നും ആര്‍ക്കാണറിയാത്തത്. പണം നഷ്ടപ്പെടാതിരിക്കാനാണ് സര്‍ക്കാരും ബന്ധപ്പെട്ടവരും ഈ തട്ടിപ്പ് തുടര്‍ ന്നുകൊണ്ടേയിരിക്കുന്നുവെന്നതാണ് വാസ്തവം. ഗുരുവായൂരപ്പനും അയ്യപ്പനും ഭക്തരുടെ മനസ്സിലാണ് ഉള്ളത്’
ഇത്രയും പറഞ്ഞത് ഒരു സന്യാസിവര്യനാണ് എന്ന കാര്യം ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഒരു ആത്മീയവാദിയായ സന്യാസിവര്യന് പറയാന്‍ കഴിയുന്ന കാര്യം പോലും കമ്മ്യൂണിസത്തിന്റെയും ഇടതുപക്ഷത്തിന്റെയും ഭൗതികവാദത്തിനന്റെയും മേലങ്കി അണിഞ്ഞ് നടക്കുന്ന ആധുനിക മെത്രാന്മാര്‍ക്ക് പറയാനും നടപടിയെടുക്കാനുമുള്ള ആര്‍ജ്ജവമുണ്ടായില്ലെങ്കില്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുക തന്നെചെയ്യും.
(കടപ്പാട്: ഗദ്ദിക)

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom