May 23, 2012
സ്കൂളുകള്‍ ജൂണ്‍ 4ന് തുറക്കും, സാധ്യായ ദിവസങ്ങള്‍ 220?
പ്രവൃത്തിദിനങ്ങളുടെ എണ്ണം കൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ക്വാളിറ്റി ഇംപ്രൂവ്‌മെന്‍റ് സമിതിയുടെ യോഗം വ്യാഴാഴ്ച ചേരുന്നുണ്ട്. ഈ സമിതിയില്‍ അധ്യാപക സംഘടനാ പ്രതിനിധികള്‍ അംഗങ്ങളാണ്. കേന്ദ്രനിയമത്തില്‍ എല്‍.പിയില്‍ 200 ദിവസമോ 800 മണിക്കൂറോ ഒരു വര്‍ഷത്തില്‍ ക്ലാസ് നടത്തണമെന്നാണ് വ്യവസ്ഥ. യു.പിയില്‍ 220 ദിവസമോ 1000 മണിക്കൂറോ ക്ലാസ് നടക്കണം. ഇപ്പോള്‍ ശനിയും ഞായറും അവധിയാക്കി അഞ്ചു ദിവസമാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏതുവിധത്തില്‍ മാറ്റം വരുത്തണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രണ്ടാം ശനിയാഴ്ച ഒഴികെയുള്ള ശനിയാഴ്ചകളില്‍ ക്ലാസ് നടത്തണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ ഇതിനോട് അധ്യാപക സംഘടനകള്‍ക്ക് വലിയ യോജിപ്പില്ല. അഥവാ ഈ നിര്‍ദേശം നടപ്പിലാക്കിയാല്‍ കാഷ്വല്‍ അവധിയുടെ എണ്ണം വര്‍ധിപ്പിച്ചു തരണമെന്ന് സംഘടനകള്‍ ആവശ്യപ്പെടുന്നു. നിലവില്‍ 15 അവധിയാണ് അധ്യാപകര്‍ക്കുള്ളത്. ഇത് 20 ആക്കി നല്‍കണം. നിലവില്‍ 10 മുതല്‍ നാല് വരെയുള്ള പ്രവൃത്തി സമയം ഒരു മണിക്കൂര്‍ കൂടി വര്‍ധിപ്പിച്ച് കൂടുതല്‍ സമയം കണ്ടെത്തണമെന്ന നിര്‍ദേശവും പരിഗണനയിലുണ്ട്. ഈ നിര്‍ദേശം നടപ്പായാല്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിവസമെന്ന രീതി തുടരാനാകും. അധ്യാപകര്‍ക്ക് ഏറെയും ഈ നിര്‍ദേശത്തോടാണ് യോജിപ്പ്. ഒമ്പതര മുതല്‍ നാലര വരെ ക്ലാസ് നടത്താമെന്നാണ് ഈ നിര്‍ദേശം മുന്നോട്ടുവയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ 190 ദിവസത്തിനു മുകളില്‍ ക്ലാസ് നടക്കുന്നതുകൊണ്ട് അത് 200 ആക്കിയാല്‍ തന്നെ 1000 മണിക്കൂര്‍ തികയ്ക്കാന്‍ ബുദ്ധിമുട്ടില്ല. പ്രാദേശികമായി നല്‍കുന്ന അവധികള്‍ക്കു പകരം ക്ലാസ് നടത്തിയാല്‍ മതിയാകും. എന്നാല്‍ 220 ദിവസം തന്നെ തികയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ബന്ധം പിടിച്ചാല്‍ കൂടുതല്‍ ദിവസങ്ങള്‍ കണ്ടെത്തേണ്ടി വരും. അവധി ദിവസങ്ങളുടെ എണ്ണം കുറയ്ക്കണമെന്നതാണ് മറ്റൊരു നിര്‍ദേശം. എന്നാല്‍ ഓണം, ക്രിസ്മസ് അവധികളില്‍ കൈവയ്ക്കുന്നതിനോട് അധ്യാപകര്‍ക്കും ഒരുപരിധിവരെ രക്ഷിതാക്കള്‍ക്കും യോജിപ്പില്ല. കൂടുതല്‍ ശനിയാഴ്ചകളില്‍ ക്ലാസ് നടത്തുകയാണ് ഇതിനുള്ള പോംവഴി.
ഹൈസ്‌കൂളിനോട് ചേര്‍ന്നുള്ള യു.പി സ്‌കൂളുകളില്‍ ഫിബ്രവരി മുതല്‍ ഇപ്പോള്‍ ക്ലാസ് നടക്കാറില്ലെന്നതാണ് യാഥാര്‍ഥ്യം. പത്താം ക്ലാസിന്റെ മോഡല്‍ പരീക്ഷയ്ക്കുമുമ്പായി തന്നെ ഒമ്പതുവരെയുള്ള ക്ലാസുകളിലെ പഠനം അവസാനിപ്പിക്കും. അവര്‍ക്ക് പിന്നീട് വാര്‍ഷിക പരീക്ഷയേ ഉണ്ടാകൂ. ഈ സ്ഥിതിയും മാറേണ്ടതുണ്ട്. എസ്.എസ്.എല്‍.സി പരീക്ഷ ഏപ്രിലിലേക്ക് മാറ്റി മാര്‍ച്ച് വരെ പൂര്‍ണമായും അധ്യയനത്തിന് ഉപയോഗിക്കണമെന്ന നിര്‍ദേശം ഏറെനാളായി ചര്‍ച്ചയിലുള്ളതാണെങ്കിലും അത് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഏറെയുണ്ട്. എസ്.എസ്.എല്‍.സി കഴിഞ്ഞ് പ്ലസ്‌വണ്ണിലേക്ക് സ്‌കൂള്‍ മാറ്റവും മറ്റും നടക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണ്ടിവരും.
വിവിധമേളകള്‍ കഴിവതും അവധി സമയത്തേക്ക് ക്രമീകരിച്ചാണ് അധ്യയന ദിവസങ്ങളുടെ എണ്ണം സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. മേളകള്‍ നടത്തുന്ന ദിവസങ്ങളും സാധ്യായ ദിവസങ്ങളായി എണ്ണണമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ ഏറിയ പങ്കിലും 220 ന് മേല്‍ സാധ്യായ ദിവസങ്ങളുണ്ട്. കേരളത്തില്‍ വിവിധ സമുദായങ്ങളുമായി ബന്ധപ്പെട്ടും രാഷ്ട്രീയ കാരണങ്ങളാലും അവധിദിനങ്ങള്‍ കൂടുതലായതിനാലാണ് അധ്യയന ദിവസങ്ങള്‍ കുറയുന്നത്
Subscribe to:
Post Comments (Atom)
No comments:
Post a Comment