സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധികമാകുന്ന അധ്യാപകരെ മാത്രമേ സര്‍ക്കാര്‍ സ്‌കൂളില്‍ നിയമിക്കൂ. എയ്ഡഡ് മേഖലയിലെ സംരക്ഷിത അധ്യാപകരെ സര്‍ക്കാര്‍ മേഖലയില്‍ നിയമിക്കണമെന്ന തര്‍ക്കത്തിലാണ്, മന്ത്രിസഭ അധ്യാപക പാക്കേജ് അംഗീകരിച്ചിട്ടും ഉത്തരവിറങ്ങാന്‍ വൈകിയത്.
എയ്ഡഡ് മേഖലയില്‍ 4000ഓളം സംരക്ഷിത അധ്യാപകര്‍ വരുമെന്നാണ് കണക്ക്. ഇവരെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് വിന്യസിച്ചാല്‍ പി.എസ്.സി. വഴിയുള്ള നിയമനം നിലയ്ക്കും. സര്‍ക്കാരിന് 1000 കോടി രൂപയുടെ അധികബാധ്യത വരുമെന്നും കണക്കാക്കുന്നു. ധനവകുപ്പ് ഇക്കാര്യങ്ങള്‍ ശക്തമായി ഉന്നയിച്ചതിനെത്തുടര്‍ന്ന് ഭരണതലത്തില്‍ പലവട്ടം കൂടിയാലോചന നടന്നു. തുടര്‍ന്ന് വ്യാഴാഴ്ച വൈകീട്ടോടെ ഉത്തരവ് ഇറക്കുകയായിരുന്നു.
2010-11ലാണ് അവസാനം തസ്തികനിര്‍ണയം നടന്നത്. അത് അടിസ്ഥാനമാക്കി 2011-12 മുതല്‍ എല്‍.പി.യില്‍ 1:30, യു.പി.യിലും ഹൈസ്‌കൂളിലും 1:35 എന്ന അനുപാതത്തില്‍ അംഗീകാരം നല്‍കും. രാജി, മരണം, വിരമിക്കല്‍, സ്ഥാനക്കയറ്റം, സ്ഥലംമാറ്റം എന്നീ ഒഴിവുകളിലെ നിയമനമാണ് ഇതിനായി കണക്കാക്കുക.
എന്നാല്‍, 2011-12 മുതല്‍ അധിക തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് 1:45 എന്ന അനുപാതത്തിലായിരിക്കും അംഗീകാരം. ഇവര്‍ പുറത്താകുകയാണെങ്കില്‍ അതത് സ്‌കൂളില്‍ ഒഴിവുണ്ടായാലേ തിരികെ ജോലി ലഭിക്കൂ. 2015-16 മുതല്‍ 1:45 എന്ന അനുപാതമനുസരിച്ചേ എല്ലാവിധ തസ്തികയും അംഗീകരിക്കൂ.
ഈ വര്‍ഷം മുതല്‍ എയ്ഡഡ് അധ്യാപക നിയമനത്തിന് മാനേജര്‍മാര്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. സര്‍ക്കാരിന് ലഭിക്കുന്ന അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. ഇല്ലെങ്കില്‍ മാനേജര്‍ക്ക് നിയമനവുമായി മുന്നോട്ടുപോകാം. കുട്ടികളുടെ ബയോമെട്രിക് രേഖ പരിശോധിച്ച് ഒഴിവ് യഥാര്‍ത്ഥമാണെന്ന് ഉറപ്പുവരുത്തിയേ സര്‍ക്കാര്‍ തസ്തിക അംഗീകരിക്കൂ.
എയ്ഡഡ് മേഖലയിലെ സംരക്ഷിത അധ്യാപകരെ, ഹെഡ്മാസ്റ്റര്‍ ക്ലാസ് ചുമതലയില്‍നിന്ന് ഒഴിവാകുമ്പോള്‍ ഉണ്ടാകുന്ന ഒഴിവ്, എസ്.എസ്.എ., ആര്‍.എം.എസ്.എ. എന്നിവിടങ്ങളില്‍ നിയമിക്കും. അതത് മാനേജ്‌മെന്റുകളില്‍ വരുന്ന എല്ലാത്തരം ഒഴിവുകളിലും ഇവരെ നിയമിക്കണം. പുനര്‍വിന്യാസം ലഭിക്കുന്നതുവരെ സംരക്ഷിത അധ്യാപകര്‍ക്ക് മാതൃസ്‌കൂളില്‍നിന്നുതന്നെ ശമ്പളം കിട്ടും.
മാനേജര്‍മാര്‍ അധ്യാപകരെ നിയമിക്കുംമുമ്പ് യോഗ്യതയില്ലായ്മ, യു.ഐ.ഡി.യിലെ കൃത്രിമം, ജനനതീയതിയിലെ വ്യത്യാസം എന്നിവ മൂലം നിയമിക്കപ്പെടാന്‍ അര്‍ഹതയില്ലെന്ന് പിന്നീട് കണ്ടാല്‍ പിരിച്ചുവിടും എന്ന പ്രസ്താവന എഴുതിവാങ്ങേണ്ടതാണ്.
*വര്‍ഷംതോറും മാര്‍ച്ച് 31ന് മുമ്പ്, നിലവിലുള്ള അധ്യാപകരുടെ പട്ടിക സര്‍ക്കാരിന് നല്‍കണം. അവധികാലയളവില്‍ ജോലിക്ക് കയറിയ 51എ അവകാശികളുടെ പട്ടികയും നല്‍കണം.
*യു.ഐ.ഡി. പ്രകാരമുള്ള കുട്ടികളാണ് സ്‌കൂളില്‍ പഠിക്കുന്നതെന്ന് ഉറപ്പുവരുത്താന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരിശോധന നടത്തും. അധിക ഡിവിഷന് അര്‍ഹതയുണ്ടെങ്കില്‍ ഉന്നതതല പരിശോധന വീണ്ടും നടത്തും. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തസ്തിക അനുവദിച്ചതെന്നുകണ്ടാല്‍ മാനേജര്‍, പ്രഥമാധ്യാപകന്‍, ക്ലാസ് ടീച്ചര്‍, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
*2011-12ന് ശേഷം റഗുലര്‍ തസ്തികയില്‍ നിയമിക്കപ്പെട്ടവരെ 1:30, 1:35 എന്നീ അനുപാതപ്രകാരം കണക്കാക്കിയിട്ടും പുറത്തുപോയാല്‍ സംരക്ഷണം കിട്ടും. അധ്യാപക ബാങ്കില്‍ ഉള്‍പ്പെട്ടവര്‍ക്കും സംരക്ഷണമുണ്ട്.
*ഒരു മാനേജ്‌മെന്റിന് കീഴിലുള്ള സംരക്ഷിത അധ്യാപകരെ പിന്നീടുണ്ടാകുന്ന ഒഴിവുകളില്‍ നിയമിക്കണം.
*സ്‌പെഷലിസ്റ്റ് അധ്യാപക നിയമനത്തിന് പീരിയഡുകള്‍ ഇല്ലെങ്കില്‍ കോര്‍പ്പറേറ്റ് മാനേജ്‌മെന്റുകള്‍ക്ക് അവരുടെ സ്‌കൂളുകള്‍ ക്ലബ് ചെയ്ത് നിയമനം നടത്താം. വ്യക്തിഗത മാനേജ്‌മെന്റ് സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ ക്ലബ് ചെയ്യും.
* മൂന്നുമാസം വരെയുള്ള ഒഴിവുകളില്‍ മാനേജര്‍തന്നെ ക്രമീകരണം നടത്തണം. ഈ കാലയളവില്‍ പുതിയ നിയമനം അംഗീകരിക്കില്ല. 2015-16 മുതല്‍ അവധി ഒഴിവുകളില്‍ സംരക്ഷിത അധ്യാപകരെ നിയമിക്കും.
No comments:
Post a Comment