Sep 7, 2012

കഴുത്തോളം വെള്ളത്തില്‍ നിന്നുകൊണ്ട് സത്യാഗ്രഹം


മധ്യപ്രദേശിലെ ഖന്‍ദ്വാ പ്രവിശ്യയിലെ അമ്പത്തിയൊന്നോളം സാധാരണമനുഷ്യര്‍ 14 ദിവസമായി കഴുത്തോളം വെള്ളത്തില്‍ നിന്നുകൊണ്ട് സത്യാഗ്രഹമനുഷ്ഠിക്കുകയാണ്. 
മഴയെത്തുടര്‍ന്ന് മദ്ധ്യപ്രദേശ് സര്‍ക്കാര്‍ 'ഓം കരേശ്വര്‍ ഡാം' തുറന്നുവിട്ടത് മൂലം ഖന്‍ദ്വായിലെ നൂറിലധികം വീടുകള്‍ വെള്ളത്തിലായി. ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് 'നര്‍മദ ബച്ചാവോ ആന്ദോളന്‍ ' സമരസമിതിപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനുമായാണ് അപൂര്‍വ്വമായ ജലസത്യാഗ്രഹത്തിന് ഖന്‍ദ്വായിലെ ഗ്രാമീണര്‍ മുന്നോട്ട് വന്നത്. 
കനത്ത മഴയില്‍ നര്‍മ്മദനദി കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്നാണ് ഓാം കരേശ്വര്‍ ഡാം തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സര്‍ക്കാരിന്റെ തീരുമാനം സുപ്രീം കോടതിവിധിഉത്തരവിന്റെ നഗ്നലംഘനമാണെന്ന് പ്രക്ഷോഭകര്‍ ചൂണ്ടിക്കാട്ടുന്നു. ഡാമിന്റെ ജലപരിധി ഉയര്‍ത്തുന്നതിന് ആറ് മാസം മുമ്പ് സമീപപ്രദേശങ്ങളിലെ ജനങ്ങളെ പുനരധിവസിപ്പിക്കണമെന്ന സുപ്രീം കോടതിയുത്തരവ് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ആഗസ്റ്റ് 25-നാണ് സത്യാഗ്രഹം തുടങ്ങിയത്. 14 ദിവസമായിട്ടും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വന്‍പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സമരത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ആതുരസഹായം നല്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 
മരണം വരെ ജലസത്യാഗ്രഹമനുഷ്ഠിക്കുമെന്ന് പ്രക്ഷോഭകര്‍ ഉറപ്പിച്ചുപറയുന്നു. തിമിര്‍ത്ത് പെയ്യുന്ന മഴയും ജലജീവികളുടെ ആക്രമണവും ത്വക്ക് രോഗങ്ങളും വകവെയ്ക്കാതെയുള്ള തങ്ങളുടെ സമരം സര്‍ക്കാറിന്റെ കണ്ണ് തുറപ്പിക്കുമെന്ന് ഖന്‍ദ്വാഗ്രാമീണര്‍ വിശ്വസിക്കുന്നു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom