Feb 9, 2016
പരീക്ഷ എളുപ്പമാവാൻ
പരീക്ഷാ കാലമായതിനാൽ പരീക്ഷയെ എളുപ്പമാക്കാനുള്ള ചില വിദ്യകൾ പറഞ്ഞ് തരാം :
1. പരീക്ഷയെ വളരെ സ്വാഭാവികമായി നേരിടാന്‍ കഴിയണം. നമ്മുടെ ദിനചര്യയില്‍ പരീക്ഷാ കാലത്ത് വലിയ മാറ്റങ്ങള്‍ വരുത്താതിരിക്കുകയാണ് നല്ലത്. സമയത്ത് ഭക്ഷണം കഴിക്കുകയും സമയത്ത് ഉറങ്ങുകയും സാധാരണപോലെ നേരത്തെ ഉണരുകയും വേണം. രാത്രി ഏറെ സമയം വായിച്ച് ശീലമില്ലാത്തവര്‍, പരീക്ഷാ കാലത്ത് വൈകിയുറങ്ങുന്നത് തലവേദനക്കും ശാരീരികാസ്വാസ്ഥ്യത്തിനും കാരണമാകും. അത് വിലപ്പെട്ട സമയ നഷ്ടത്തിനും കാരണമായേക്കാം.
2. മുഴുവന്‍ പേടിയും പുറത്ത് കളയുക. മനസ്സിനെ സ്വതന്ത്രമാക്കുക. എനിക്ക് നന്നായി പരീക്ഷയെഴുതാനാകുമെന്ന് മനസ്സിനെ ആവര്‍ത്തിച്ച് ബോധ്യപ്പെടുത്തുക (Autosuggetion).
3. ഒരു ടൈംടേബിള്‍ തയ്യാറാക്കുക. പരീക്ഷക്ക് അവസാന മിനുക്ക് പണികള്‍ നടത്താനുള്ള കുറഞ്ഞ സമയമേ നമ്മുടെ പക്കലുള്ളൂ. അതിനാല്‍ സമയം നഷ്ടപ്പെടുത്തുകയേ അരുത്. പക്ഷേ ആവശ്യത്തിന് വിശ്രമവും വിനോദവുമൊക്കെ വേണമെന്നത് മറക്കരുത്.
4. പ്രയാസമുള്ള വിഷയങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കണം. അവ നേരത്തെ തന്നെ പഠിച്ച് തീര്‍ക്കുന്നത് ആവശ്യമായ സംശയ പൂര്‍ത്തീകരണത്തിന് അവസരം നല്‍കും. ഓരോ വിഷയങ്ങള്‍ക്കും ആവശ്യമായ ഇടവേളയും നല്‍കാം.
5. ഏത് സമയമാണ് പഠനത്തിന് അനുയോജ്യമെന്നത് വ്യക്തി കേന്ദ്രീകൃതമാണ്. നേരത്തെ ഉറങ്ങുകയും കഴിയുന്നത്ര നേരത്തെ എഴുന്നേറ്റ് പഠിക്കുകയും ചെയ്യുന്നതാണ് നല്ലത്. ശീലമില്ലെങ്കില്‍, പരീക്ഷാ കാലത്ത് മാത്രം അത് പരീക്ഷിക്കാന്‍ നില്‍ക്കേണ്ട.
6. കൂടുതല്‍ ആശ്വാസം തോന്നുന്ന സമയവും സ്ഥലവും പഠിക്കാന്‍ തെരഞ്ഞെടുക്കുക. ശബ്ദം കൊണ്ട് ശല്യം ചെയ്യാത്ത, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്ന സ്ഥലം. വെളിച്ചവും വായുവും ആവശ്യത്തിന് ലഭ്യമാകുന്ന സ്ഥലമായിരിക്കണം വായനക്ക് തെരഞ്ഞെടുക്കേണ്ടത്. വാതിലും ജനലുകളും അടച്ചിട്ട മുറിയിലിരുന്ന് വായിക്കുന്നത് ഒഴിവാക്കുക. അവിടെ ഓക്‌സിജന്റെ കുറവ് അനുഭവപ്പെടും.
7. കിടക്കയിലോ കസേരയിലോ കിടന്നുകൊണ്ട് വായിക്കരുത്. സുഷുമ്‌നാ നാഡി നേരെ നില്‍ക്കുന്ന രൂപത്തില്‍ നിവര്‍ന്നിരുന്ന് വായിക്കുക.
8. പഠനത്തിനാവശ്യമായ സാമഗ്രികള്‍- പേന, പെന്‍സില്‍, നോട്ടു കുറിക്കാന്‍ പേപ്പര്‍, ഡിക്ഷ്‌നറി തുടങ്ങിയവയെല്ലാം വായന തുടങ്ങുന്നതിന് മുമ്പ് സമീപത്ത് ക്രമീകരിച്ച് വെക്കുക. ഓരോന്നും അന്വേഷിച്ച് പോകുന്നത് സമയനഷ്ടമുണ്ടാകും.
9. ആവശ്യത്തിന് കുടിവെള്ളം വായന മുറിയില്‍ ഒരുക്കിവെക്കാന്‍ മറക്കരുത്.
10. സമവാക്യങ്ങളും, ചിത്രങ്ങളും, പ്രധാന പോയന്റുകളും വളരെ ചുരുക്കത്തില്‍ നോട്ടു കുറിക്കുക. മുഴുവന്‍ പേജുകളും ആവര്‍ത്തിച്ചു വായിക്കാതെ കുറഞ്ഞ സമയം കൊണ്ട് റിവിഷന്‍ പൂര്‍ത്തിയാക്കാന്‍ ഈ കുറിപ്പുകള്‍ സഹായിക്കും.
11. നന്നായി ഉറങ്ങുക. പ്രത്യേകിച്ചും പരീക്ഷക്ക് തൊട്ടു മുമ്പുള്ള രാത്രി. ഏറ്റവും കുറഞ്ഞത് ആറു മണിക്കൂറെങ്കിലും ഉറങ്ങണം. ഇത് പരീക്ഷയില്‍ കാര്യമായ മെച്ചമുണ്ടാക്കും.
12. മനഃപാഠരീതി ഇപ്പോഴുള്ള കുട്ടികള്‍ സ്വീകരിക്കാറില്ല. പരീക്ഷാ ചോദ്യത്തിന്റെ മാതൃകകള്‍ മനസ്സിലാക്കി തയ്യാറെടുപ്പ് നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം.
13. സാധാരണ പോലെ ഭക്ഷണം കഴിക്കുക. കൂടുതല്‍ ഫാറ്റി ആസിഡുകള്‍ ഉള്ളവ- ഉരുളകിഴങ്ങ്, മരച്ചീനി, എണ്ണയില്‍ പൊരിച്ചവ- ഒഴിവാക്കുന്നതാണ് നല്ലത്. പാല്‍, തൈര്, തേന്‍ എന്നിവയാകാം. സ്റ്റഡീ ലീവ് കാലത്തും പരീക്ഷാ ദിവസവും ഭക്ഷണം കഴിക്കാതിരിക്കുന്നത് നല്ലതല്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment