Aug 27, 2012

പ്രൊബേഷന്‍ കാലത്ത് ശമ്പളമില്ലാ അവധിക്ക് അനുമതി

പ്രൊബേഷനിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ദീര്‍ഘകാല അവധിയെടുക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി.(ഉത്തരവ് ( നമ്പര്‍. ജി.ഒ (പി) നമ്പര്‍. 471 /2012 / ഫിന്‍)) ഇനി സര്‍വീസ് ചട്ടങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള എല്ലാ ആവശ്യങ്ങള്‍ക്കും പ്രൊബേഷന്‍ കാലത്തും ശമ്പളമില്ലാ അവധിയെടുക്കാം. കഴിഞ്ഞ നാലുവര്‍ഷമായി ഉപരിപഠനത്തിന് മാത്രമേ പ്രൊബേഷന്‍ കാലാവധിയില്‍ ദീര്‍ഘകാല ശമ്പളമില്ലാ അവധി അനുവദിച്ചിരുന്നുള്ളൂ. തൊഴിലന്വേഷണത്തിനും വിദേശത്തുള്ള ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ കാണുന്നതിന് പ്രൊബേഷന്‍ കാലത്ത് അവധി നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നെങ്കിലും 2008-ല്‍ അത് റദ്ദാക്കിയിരുന്നു.
നിലവിലെ ഉത്തരവിലൂടെ 2008 ന് മുമ്പുള്ള അവസ്ഥ പുനഃസ്ഥാപിക്കുകയാണ്. ഇനി മേല്‍പ്പറഞ്ഞ മൂന്ന് ആവശ്യങ്ങള്‍ക്കും പ്രൊബേഷനര്‍മാര്‍ക്ക് ശമ്പളമില്ലാ അവധിയെടുക്കാം. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരുടെ അവധിയെക്കുറിച്ച് പറയുന്ന കേരള സര്‍വീസ് ചട്ടത്തിലെ 12 എ മുതല്‍ 12 ബി വരെയുള്ള അനുബന്ധങ്ങളാണ് ഇപ്പോള്‍ സര്‍ക്കാര്‍ പുനഃ സ്ഥാപിക്കുന്നത്. സ്വദേശത്തോ വിദേശത്തോ തൊഴിലന്വേഷണം (അനുബന്ധം: 12 എ) , ഉപരിപഠനം (12 ബി), വിദേശത്തുള്ള ഭാര്യയേ്ക്കാ ഭര്‍ത്താവിനോ ഒപ്പം താമസം (12 സി) എന്നീ ആവശ്യങ്ങള്‍ക്കാണ് പ്രൊബേഷന്‍ കാലാവധിയിലും ദീര്‍ഘകാല ശമ്പളമില്ലാ അവധിയെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ 2008-ല്‍ ഈ ചട്ടം സര്‍ക്കാര്‍ റദ്ദാക്കുകയും ഉപരിപഠനത്തിന് മാത്രം അനുമതി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. 2008-ലെ ഭേദഗതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് പൊതുഭരണ വകുപ്പ് പുതിയ ഉത്തരവ് ( നമ്പര്‍. ജി.ഒ (പി) നമ്പര്‍. 471 /2012 / ഫിന്‍) ഇറക്കിയിട്ടുള്ളത്. ഇതനുസരിച്ച് പുതിയ ജീവനക്കാര്‍ക്ക് പ്രൊബേഷന്‍ കാലത്തും സര്‍വീസ് ചട്ടമനുസരിച്ചുള്ള മൂന്ന് ആവശ്യങ്ങള്‍ക്കും ശമ്പളമില്ലാ അവധിയെടുക്കാവുന്നതാണ്. അവധി കാലാവധി കഴിഞ്ഞ് തിരികെ സര്‍വീസില്‍ പ്രവേശിക്കുന്നവര്‍ക്ക് സീനിയോറിറ്റി നഷ്ടമാകും. തുടക്കക്കാരായി വേണം വീണ്ടും സര്‍വീസില്‍ പ്രവേശിക്കാന്‍. ഏതെങ്കിലും സാഹചര്യത്തില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍േറയോ പോലീസിന്‍േറയോ പരിശോധന വേണ്ടിവരുന്നുണ്ടെങ്കില്‍ അതിന്റെ ഫലം കൂടി ആധാരമാക്കിവേണം തുടര്‍ നിയമനം നല്‍കാനെന്നും ഉത്തരവില്‍ പറയുന്നു.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom