കഷ്ടപ്പാടുകളോട് പടവെട്ടി, റാങ്കിന്റെ തിളക്കത്തോടെ ആള്‍ ഇന്ത്യാ എന്‍ട്രന്‍സ് പരീക്ഷ വിജയിച്ച യുവാവ് നാടിന്റെ അഭിമാനമായി. പ്രാരബ്ധം നിറഞ്ഞ ജീവിതസാഹചര്യങ്ങളെ വെല്ലുവിളിച്ചും വിദ്യാഭ്യാസ വായ്പ എടുത്തുപഠിച്ചുമാണ് ജാഫര്‍ ഈ മിന്നുന്ന വിജയം കരസ്ഥമാക്കിയത്. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനും ദുരിതത്തിനും ഉള്ള മധുരമായ പ്രതിഫലം കൂടിയാണ് ജാഫറിന്റെ ഈ പൊന്‍തിളക്കമുള്ള വിജയം. എടപ്പറ്റ ഏപ്പിക്കാട് പള്ളിപ്പടിയിലെ പിലാക്കുന്നന്‍ വാപ്പു-ഖദീജ ദമ്പതികളുടെ മകന്‍ ജാഫര്‍ സിദ്ധിഖ് ആണ് അഖിലേന്ത്യാതലത്തില്‍ നടന്ന ജി.എ.ടി.ഇ. എന്‍ട്രന്‍സ് പ്രവേശന പരീക്ഷയില്‍ എയറോസ്‌പേസ് വിഭാഗത്തില്‍ എട്ടാംറാങ്ക് കരസ്ഥമാക്കിയത്. മികച്ച വിജയത്തോടെ മദ്രാസ് ഐ.ഐ.ടി. കോളേജില്‍ തുടര്‍പഠനത്തിന് പോകാനൊരുങ്ങുകയാണ് ജാഫര്‍ സിദ്ധിഖ്. മുന്നോട്ടുള്ള പഠനം ഇരുട്ടിലാണെന്നറിഞ്ഞിട്ടും ഏത് പ്രതിസന്ധിയെയും തരണംചെയ്യാനുള്ള മനക്കരുത്തും പ്രായമായ ഉമ്മയ്ക്കും ബാപ്പയ്ക്കും ജീവിത സായാഹ്നത്തില്‍ തണലേകാനാകുമെന്ന ഉറച്ച പ്രതീക്ഷയുമാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്ന് ജാഫര്‍ പറഞ്ഞു. താങ്ങാവുന്നതിലധികം ചെലവാണ് ജാഫറിനെ കാത്തിരിക്കുന്നത്. എന്നാലും പഠിച്ച് നേടിയ വിജയവുമായി മുന്നോട്ട് പോകാനുള്ള ഒരുക്കത്തിലാണിയാള്‍. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് ഒരു മികച്ച ജോലി എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇത്രയുംകാലം തനിക്ക് പിന്തുണതന്ന നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായ സഹകരണമുണ്ടാകുമെന്ന പ്രത്യാശയിലാണ് ജാഫര്‍ സിദ്ധിഖ്.
.


No comments:
Post a Comment