Feb 5, 2015

ഹൈസ്‌കൂളായി ഉയര്‍ത്തിയ 142 സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം

  കേന്ദ്ര സര്‍ക്കാറിനുകീഴിലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ (ആര്‍.എം.എസ്.എ.) നേതൃത്വത്തില്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയ 142 സ്‌കൂളുകളില്‍ അടിസ്ഥാനസൗകര്യമില്ലാത്തതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ദുരിതം. പല സ്‌കൂളുകളിലും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തുടങ്ങി. 

  2009 മുതല്‍ 2014 വരെ എല്ലാ ജില്ലകളിലുമായി 142 യു.പി. സ്‌കൂളുകളെയാണ് ഹൈസ്‌കൂളായി ഉയര്‍ത്തിയത്. എന്നാല്‍, ഇവിടെ അടിസ്ഥാനസൗകര്യങ്ങളൊരുക്കുന്നതില്‍ ആര്‍.എം.എസ്.എ.യും സംസ്ഥാന സര്‍ക്കാറും ഒന്നും ചെയ്തില്ല.
ഇത്തരം സ്‌കൂളുകളില്‍ വേണ്ടത്ര അധ്യാപകരില്ല. ലാബ്, ലൈബ്രറി, കമ്പ്യൂട്ടര്‍ സംവിധാനങ്ങളും ക്ലാസ്മുറി, കക്കൂസ്, മൂത്രപ്പുര തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങളും ഒരുക്കാനായിട്ടില്ല. 

  ഹൈസ്‌കൂളാക്കിയ 30 സ്‌കൂളുകള്‍ ആര്‍.എം.എസ്.എ. ഏറ്റെടുത്തിട്ടുമില്ല. ഇത്തരം സ്‌കൂളുകളിലെ സ്ഥിതി അതിദയനീയമാണ്. ഹൈസ്‌കൂളാക്കിയതല്ലാതെ അധ്യാപകതസ്തികയും സാമ്പത്തികസഹായവും കിട്ടാതെ പിരിവെടുത്തും മറ്റുമാണ് 30 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്.
അവശേഷിച്ച 112 സ്‌കൂളുകള്‍ക്ക് സഹായധനം കിട്ടുന്നുണ്ടെങ്കിലും അവിടുത്തെ സ്ഥിതിയും മെച്ചമല്ല.


  അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സെക്കന്‍ഡറി വിദ്യാഭ്യാസ സൗകര്യമില്ലെങ്കില്‍ ആ പരിധിയിലുള്ള യു.പി. സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തി പഠനസൗകര്യമൊരുക്കാനാണ് ആര്‍.എം.എസ്.എ. പദ്ധതി. അഞ്ച് അധ്യാപകര്‍ക്കും ഒരു പ്രഥമാധ്യാപകനും ആര്‍.എം.എസ്.എ. ശമ്പളം നല്കും. ചിലയിടത്ത് ഏഴ് ഡിവിഷനുകളുണ്ട്. അവിടെ കുറഞ്ഞത് ഒമ്പത് അധ്യാപകര്‍ വേണം. അവശേഷിച്ച അധ്യാപകരെ പി.ടി.എ. നിയമിച്ച് പിരിവെടുത്താണ് ശമ്പളം നല്കുന്നത്.

  അപ്‌ഗ്രേഡ്‌ചെയ്ത സ്‌കൂളുകളില്‍ വളരെക്കുറച്ചുസ്ഥലത്തേ അധ്യാപകതസ്തിക അംഗീകരിച്ച് നിയമനം നടത്തിയിട്ടുള്ളൂ. അല്ലാത്തിടത്തെല്ലാം താത്കാലിക അധ്യാപകരെവെച്ചാണ് പ്രവര്‍ത്തനം.സംസ്ഥാന അതിര്‍ത്തിയിലെ സ്‌കൂളുകളില്‍ മലയാളത്തെ കൂടാതെ കന്നഡ, തമിഴ് മീഡിയംകൂടി വേണ്ടതിനാല്‍ കൂടുതല്‍ അധ്യാപകര്‍ വേണം. പദ്ധതിപ്രകാരം അനുവദിക്കുന്ന അഞ്ച് അധ്യാപകരെക്കൊണ്ട് പഠനം നടത്താനാവാതെ വലയുകയാണ് ഇത്തരം സ്‌കൂളുകള്‍.
സ്‌കൂള്‍കെട്ടിടം, ക്ലാസ്മുറി, ലബോറട്ടറി, ലൈബ്രറി, കരകൗശലമുറി, കക്കൂസ്, മൂത്രപ്പുര, കുടിവെള്ളം, കമ്പ്യൂട്ടര്‍ എന്നീ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് പദ്ധതിനിര്‍ദേശത്തിലുള്ളത്. പക്ഷെ, കേരളത്തില്‍ അപ്‌ഗ്രേഡ്‌ചെയ്ത ഒരു സ്‌കൂളിലും ഇതൊന്നും ഒരുക്കിയിട്ടില്ല.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom