Nov 6, 2011

ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് അബ്ദുറബ്ബ്; മലപ്പുറം, കൊല്ലം ഡി.ഡി.ഇമാരുടെ സസ്‌പെന്‍ഷന്‍ വിദ്യാഭ്യാസമന്ത്രി മരവിപ്പിച്ചു

മാതൃഭൂമി വായിക്കുക. മലപ്പുറം: അധ്യാപക പാക്കേജില്‍ ക്രമക്കേട് നടന്നുവെന്ന കാരണത്താല്‍ മലപ്പുറം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടി വിദ്യാഭ്യാസമന്ത്രി ഇടപെട്ട് മരവിപ്പിച്ചു. സസ്‌പെന്‍ഷന്‍ ഉത്തരവ് ശനിയാഴ്ച രാത്രി വൈകി ഇറക്കിയെങ്കിലും നടപ്പാക്കുന്നത് തടയുകയാണ് ചെയ്തിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞു.

ഉത്തരവ് മന്ത്രി നേരില്‍ കണ്ടിരുന്നില്ല. എന്നാല്‍ ഫോണില്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അവധി കഴിഞ്ഞ് ചൊവ്വാഴ്ചയേ മന്ത്രി ഫയല്‍ കാണുകയുള്ളൂ. അതിനുശേഷം നടപടിക്ക് ആധാരമായി പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്ന് പരിശോധിച്ച് ഉത്തരവ് നടപ്പാക്കിയാല്‍ മതിയെന്നാണ് മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍ദേശിച്ചതെന്ന് ശിവശങ്കര്‍ അറിയിച്ചു.

സസ്‌പെന്‍ഷന്‍ സംബന്ധിച്ച് ഒരു ഉത്തരവും ഇല്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി 'മാതൃഭൂമി'യോട് പ്രതികരിച്ചത്. 'ഇല്ലാത്ത ഉത്തരവ് തടയേണ്ട കാര്യവുമില്ല. ബുധനാഴ്ചയേ ഇനി ഓഫീസില്‍ പോകൂ. അപ്പോള്‍ ബാക്കി തീരുമാനിക്കും' -മന്ത്രി പറഞ്ഞു. എന്നാല്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ കോപ്പി ഇടത് അധ്യാപക സംഘടനകള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

മലപ്പുറം ഡി.ഡി.ഇ കെ.സി.ഗോപി, കൊല്ലം ഡി.ഡി.ഇ രവീന്ദ്രന്‍ എന്നിവരെയായിരുന്നു സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

മന്ത്രിയുടെ സവിശേഷമായ പ്രതികരണങ്ങള്‍ക്കു പിന്നില്‍ ഇടതു-വലത് അധ്യാപക സംഘടനകള്‍ തമ്മിലുള്ള രാഷ്ട്രീയപ്പോരും മലപ്പുറം ജില്ലയില്‍ സമീപകാലത്ത് നടന്ന ചില സംഭവവികാസങ്ങളും കാരണമായിട്ടുണ്ടെന്നാണ് അറിയുന്നത്.

സസ്‌പെന്‍ഷന്‍ ഉത്തരവിറക്കുന്നതിനു മുമ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്. എന്നാല്‍ മലപ്പുറം ഡി.ഡി.ഇയുടെ സസ്‌പെന്‍ഷന്‍ മലപ്പുറം ജില്ലയില്‍ ഡി.ഡി.ഇക്കെതിരായി സമരങ്ങള്‍ നടത്തിവരുന്ന ഇടതുസംഘടനയായ കെ.എസ്.ടി.എക്ക് നേട്ടമുണ്ടാക്കി എന്ന മുസ്‌ലിം ലീഗ് അധ്യാപക സംഘടനയുടെ വിമര്‍ശനമാണ് ഉത്തരവിനെതിരെ പറയാന്‍ മന്ത്രിയെ നിര്‍ബന്ധിതനാക്കിയത്.

മലപ്പുറം ജില്ലയില്‍ ഇടതുപക്ഷക്കാരായ അധ്യാപകരെ അന്യായമായി സ്ഥലംമാറ്റുകയാണെന്ന് ആരോപിച്ച് ഡി.ഡി.ഇ കെ.സി.ഗോപിക്കെതിരെ കെ.എസ്.ടി.എ ജില്ലാക്കമ്മിറ്റി കഴിഞ്ഞയാഴ്ച അനിശ്ചിതകാല നിരാഹാരം തുടങ്ങിയിരുന്നു. ഒരാഴ്ച കഴിഞ്ഞ് രണ്ടാംഘട്ട സമരമായ ബഹിഷ്‌കരണം പ്രഖ്യാപിച്ചു. അതിനിടെ കാട്ടുമുണ്ട ഗവ. യു.പി സ്‌കൂള്‍ പ്രധാനാധ്യാപിക സി.എസ്.അന്നത്തെ സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്തതിന്റെ പേരില്‍ ഡി.ഡി.ഇ സസ്‌പെന്‍ഡ് ചെയ്തത് രംഗം വഷളാക്കി. സ്‌കൂള്‍ യുവജനോത്സവത്തെപ്പറ്റി ആലോചിക്കാന്‍ കഴിഞ്ഞദിവസം ഡി.ഡി.ഇ വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം കെ.എസ്.ടി.എയുടെ പ്രതിഷേധത്താല്‍ അലങ്കോലമായി. ഡി.ഡി.ഇക്കെതിരെ ബഹിഷ്‌കരണവുമായി കെ.എസ്.ടി.എ മുന്നോട്ടുപോകുന്നതിനിടയിലാണ് ഇദ്ദേഹത്തെ ശനിയാഴ്ച സര്‍ക്കാര്‍തന്നെ സസ്‌പെന്‍ഡ് ചെയ്തത്. ജില്ലയിലെ അധ്യാപക പാക്കേജില്‍ ക്രമക്കേട് ഉണ്ടെന്ന് കണ്ടെത്തിയതിന്റെ പേരിലാണ് നടപടിയെന്ന് ഉത്തരവിലുണ്ട്. കാരണമെന്തായാലും സസ്‌പെന്‍ഷന്‍മൂലം സഫലമായത് ഇടതുസംഘടനയുടെ ആഗ്രഹമായിരുന്നു. ഇതില്‍ കെ.എസ്.ടി.യു ഉള്‍പ്പെടെ അനിഷ്ടം പ്രകടിപ്പിച്ചതോടെയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് താന്‍ അറിയാതെയാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞത്.

സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന അധ്യാപക പാക്കേജിലേക്ക് ജില്ലയില്‍ നിന്നുള്ള ശരിയായ വിവരങ്ങള്‍ നല്‍കിയില്ല എന്നതാണ് ഡി.ഡി.ഇക്കെതിരായ കുറ്റമായി പറയുന്നത്. പാക്കേജ് പട്ടികയില്‍ പലരെയും വിട്ടുപോയെന്നും അനര്‍ഹര്‍ കടന്നുകൂടിയെന്നുമാണ് പരാതി. പട്ടിക കുറ്റമറ്റതാക്കാന്‍ നിരവധി യോഗങ്ങള്‍ വിദ്യാഭ്യാസവകുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരത്ത് എ.ഇ.ഒ തൊട്ടുള്ള എല്ലാ ഓഫീസര്‍മാര്‍ക്കും ശില്പശാലയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വീഡിയോ കോണ്‍ഫറന്‍സും നടത്തി. എന്നിട്ടും പട്ടിക കുറ്റമറ്റതാക്കാന്‍ കഴിഞ്ഞില്ല എന്നാണ് പരാതി ഉയര്‍ന്നത്. 

പാക്കേജില്‍ ഉള്‍പ്പെടേണ്ടവരുടെ പട്ടികയില്‍ ക്രമക്കേട് കണ്ടെത്തിയതിനെതിരെ പൊതുവിദ്യാഭ്യാസ സെക്രട്ടറി ശക്തമായ ഇടപെട്ടിരുന്നു. തുടര്‍ന്നാണ് പട്ടിക കുറ്റമറ്റതാക്കാന്‍ വീണ്ടും ഡി.ഡി.ഇമാര്‍ക്ക് നിര്‍ദേശം ലഭിച്ചത്. പക്ഷേ മലപ്പുറത്തുനിന്നും ലഭിച്ച അന്തിമ പട്ടികയിലും ധാരാളം അനര്‍ഹര്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom