'വഴുതനപ്പൂര'വും വാഴത്തോട്ടവും മത്സ്യകൃഷിയും 'കുറിക്കു'കൊണ്ടപ്പോള്‍ കോട്ടയ്ക്കല്‍ ഗവ. രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വിദ്യാഭ്യാസ വകുപ്പിന്റെ 'ഹരിതകേരളം' റിയാലിറ്റി ഷോയില്‍ രണ്ടാംസ്ഥാനം. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൂട്ടായ്മ തികച്ചും വ്യത്യസ്തവും ശ്രദ്ധേയവുമായ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് മെഗാ ഫൈനല്‍ എന്ന അഗ്‌നി പരീക്ഷ രാജാസ് തരണം ചെയ്തത്. മാതൃഭൂമിയുടെ 'സീഡ്' പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം മലപ്പുറം വിദ്യാഭ്യാസജില്ലയില്‍ ഒന്നാം സ്ഥാനവും രാജാസിനായിരുന്നു.
പഠനപ്രവര്‍ത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലെ മികവിനും സ്‌കൂളിലൊരുക്കിയ അടിസ്ഥാന സൗകര്യമികവിനുമാണ് സമ്മാനം. രാജാസ് സ്‌കൂളില്‍ ആസൂത്രണംചെയ്ത പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നേരത്തെതന്നെ ശ്രദ്ധേയമായിരുന്നു.
ബി.ടി. വഴുതനയ്‌ക്കെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധമായ 'വഴുതനപ്പൂര'മായിരുന്നു ഇതില്‍ ഏറ്റവും മികച്ചത്. വ്യത്യസ്ത ഇനം നാടന്‍ വഴുതനകള്‍ പ്രദര്‍ശിപ്പിച്ചാണ് വിദ്യാര്‍ഥികള്‍ ബി.ടി. വഴുതനയ്‌ക്കെതിരെ പ്രതിഷേധിച്ചത്. കൃഷിമന്ത്രിയുടെ പ്രശംസയും ഈ പരിപാടി നേടി.വിശാലമായ മൈതാനത്തില്‍ മഴക്കാലത്ത് മീന്‍ വളര്‍ത്തിക്കൊണ്ടാണ് മഴക്കാലത്തെ രാജാസ് എതിരേറ്റത്. മത്സ്യകൃഷിക്കൊയ്ത്തും നടത്തി. പോരാത്തതിന് മൈതാനത്തില്‍ ഒരു കുളംകുഴിച്ച് അവിടെ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കി.കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ സംസ്ഥാന, ദേശീയ തലത്തില്‍ ശ്രദ്ധേയമായ രാജാസിന്റെ പ്രവര്‍ത്തനങ്ങളായിരുന്നു വായനയുടെ ലോകം, ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടി, ഹരിതസേന എന്നിവ. 2008-2009 അധ്യയന വര്‍ഷത്തില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് 'വായനയുടെ ലോകം' നടന്നത്. ആ വര്‍ഷം 29 പരിപാടി ഇതിനെ അടിസ്ഥാനമാക്കി രാജാസിലെ അധ്യാപക വിദ്യാര്‍ഥി കൂട്ടായ്മ അവതരിപ്പിച്ചു. സംസ്ഥാനതല സയന്‍സ് കലണ്ടര്‍ നിര്‍മാണ മത്സരത്തില്‍ മികച്ച വിജയം നേടിക്കൊടുക്കാന്‍ ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് പരിപാടിക്കായി. അഖില കേരള ഓഡിയോ വിഷ്വല്‍ ക്വിസ്സില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ രാജാസിലെ വിദ്യാര്‍ഥികള്‍ നേടി. ഉപജില്ലയില്‍ ഗലീലിയോ അവാര്‍ഡ് നേടുന്നതിനും സ്‌കൂളിന് കഴിഞ്ഞു. 16 പരിപാടികളും ഇതിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചു.
വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്‌നേഹവും സംരക്ഷണ മനോഭാവവും വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഹരിതസേന തുടങ്ങിയത്. സ്‌കൂളിലെ അധ്യാപകന്‍ കെ. മുജീബ് റഹ്മാനാണ് ഇതിന്റെ കോ-ഓര്‍ഡിനേറ്റര്‍. വിദ്യാഭ്യാസ വകുപ്പിന്റെ എന്റെ മരം പദ്ധതിയായാലും സ്‌കൂള്‍ നടപ്പിലാക്കുന്ന പച്ചക്കറി തോട്ടമായാലും കുളംനിര്‍മ്മാണമായാലും നീന്തല്‍ പരിശീലനമായാലും ആദ്യം മുന്നോട്ട് വരുന്നത് ഹരിതസേന അംഗങ്ങളാണ്. 17 പരിപാടികള്‍ ഹരിതസേന നടപ്പാക്കിക്കഴിഞ്ഞു. വനവര്‍ഷാചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ സംഗീതശില്പവും ഇതില്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം ലഭിച്ചെങ്കിലും രാജാസിലെ വിദ്യാര്‍ഥികളും അധ്യാപകരും വിശ്രമിക്കാനൊരുക്കമല്ല. മറ്റാരും ആവിഷ്‌കരിക്കാത്ത നൂതന ആശയങ്ങള്‍ കണ്ടെത്താനും അവ സാക്ഷാത്കരിക്കുന്നതിനുമുള്ള പരിശ്രമം തുടരുകയാണ്..
No comments:
Post a Comment