ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയരായ ചലച്ചിത്രതാരങ്ങളില്‍ ഒരാളായ ടെയ്‌ലര്‍ മികച്ചനടിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം രണ്ടു തവണ സ്വന്തമാക്കി. 1961-ല്‍ 'ബട്ടര്‍ഫീല്‍ഡ്', 1967-ല്‍ 'ഹൂ ഈസ് എഫ്രൈഡ് ഓഫ് വെര്‍ജിനീയ വൂള്‍ഫ്?' എന്നീ ചിത്രങ്ങളിലെ അഭിനയത്തികവാണ് അവരെ ഓസ്‌കറിന് അര്‍ഹയാക്കിയത്. മൂന്ന് തവണ ഓസ്‌കര്‍ നാമനിര്‍ദേശവും നേടിയിട്ടുണ്ട്.
1932 ഫിബ്രവരി 27-ന് ഫ്രാന്‍സിസ് ലെന്‍ ടെയ്‌ലറുടെയും സാറാ സോതേണ്‍ എന്ന നടിയുയെും മകളായി പിറന്ന ടെയ്‌ലര്‍ 'ദെയര്‍സ് വണ്‍ ബോണ്‍ എവ്‌രി മിനിറ്റ്' എന്ന സിനിമയിലൂടെ ബാലതാരമായി സിനിമയിലെത്തി. അഞ്ച് പതിറ്റാണ്ട് നീണ്ട ചലച്ചിത്ര ജീവിതത്തിനിടെ മാദകറാണിയായി മാറി. 1994-ല്‍ അഭിനയിച്ച 'ദ ഫ്‌ളിന്‍റ്‌സ്റ്റോണ്‍സ്' ആണ് അവസാന ചിത്രം.
ചലച്ചിത്രം പോലെത്തന്നെയായിരുന്നു അവരുടെ വ്യക്തിജീവിതവും. എട്ടുതവണ വിവാഹിതയായി. കോണ്‍റാഡ് ഹില്‍ട്ടണ്‍, മൈക്കല്‍ വൈല്‍ഡിങ്, മൈക്കല്‍ ടോഡ്, എഡ്ഡീ ഫിഷര്‍, റിച്ചഡ് ബര്‍ട്ടന്‍, ജോണ്‍ വാര്‍ണര്‍, ലാരി ഫോര്‍ടെന്‍സ്‌കി എന്നിവരായിരുന്നു ഭര്‍ത്താക്കന്‍മാര്‍. ഇതില്‍ റിച്ചഡ് ബര്‍ട്ടനെ രണ്ടു തവണ വിവാഹം ചെയ്തു. മൈക്കല്‍ വീല്‍ഡിങ്, ക്രിസ്റ്റഫര്‍ വീല്‍ഡിങ്, ലിസ ടോഡ്, മരിയബര്‍ട്ടന്‍ എന്നിവരാണ് മക്കള്‍. അന്ത്യസമയത്ത് മക്കളെല്ലാം ഒപ്പമുണ്ടായിരുന്നു. 10 പേരക്കുട്ടികളുണ്ട്.
'നാഷണല്‍ വെല്‍വെറ്റ്' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ വീഴ്ചയോടെ രോഗപീഡകള്‍ അവരെ പിന്തുടര്‍ന്നു. വിട്ടുമാറാത്ത പുറംവേദനയാണ് വീഴ്ച അവര്‍ക്ക് നല്‍കിയത്. 1961-ല്‍ അതിഗുരുതരമായ ന്യുമോണിയ പിടിപെട്ട് മരണത്തിന്റെ വക്കോളമെത്തി. തൊണ്ണൂറുകളില്‍ രണ്ടു തവണ ഇടുപ്പെല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. ഇക്കാലത്ത് വീണ്ടും ന്യുമോണിയ ബാധിച്ചു. 1997-ല്‍ ബ്രെയിന്‍ ട്യൂമറിനെ അതിജീവിച്ചു. ഹൃദ്രോഗ ബാധിതയാണെന്ന വിവരം 2004-ലാണ് അവര്‍ ലോകത്തെ അറിയിച്ചത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്ന ടെയ്‌ലര്‍ അതില്‍ നിന്ന് വിടുതല്‍ നേടാന്‍ കാലിഫോര്‍ണിയയിലെ ബെറ്റി ഫോര്‍ഡ് ക്ലിനിക്കില്‍ വര്‍ഷങ്ങളോളം ചികിത്സ തേടി.
സാമൂഹികപ്രവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ടെയ്‌ലര്‍ കാഴ്ചവെച്ചത്. എയ്ഡ്‌സ് ബാധിതനായി മരിച്ച സഹപ്രവര്‍ത്തകന്‍ റോക്ക് ഹഡ്‌സന്റെ സ്മരണയില്‍ എയ്ഡ്‌സ് രോഗികള്‍ക്കായി 1991-ല്‍ അവര്‍ എലിസബത്ത് ടെയ്‌ലര്‍ എയ്ഡ്‌സ് ഫൗണ്ടേഷന്‍ എന്ന സന്നദ്ധസംഘടന തുടങ്ങി. എച്ച്.ഐ.വി. / എയ്ഡ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ അമേരിക്കന്‍ ഫൗണ്ടേഷന്‍ ഫോര്‍ എയ്ഡ്‌സ് റിസര്‍ച്ചിന്റെ സ്ഥാപനത്തിന് സഹായിച്ചു. മൈക്കല്‍ ജാക്‌സണുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടെയ്‌ലര്‍ അദ്ദേഹം ലൈംഗിക അപവാദ കേസിലുള്‍പ്പെട്ടപ്പോള്‍ ഒപ്പം നിന്നു. ജാക്‌സന്റെ ശവസംസ്‌കാരച്ചടങ്ങാണ് അവര്‍ ഒടുവില്‍ പങ്കെടുത്ത പൊതുപരിപാടികളിലൊന്ന്. 2011 ഫിബ്രവരി മുതല്‍ അവര്‍ ആസ്പത്രിയിലായിരുന്നു.
No comments:
Post a Comment