Feb 1, 2011

അധ്യാപകരുടെ സെന്‍സസ് ജോലി. സാധാരണക്കാരന്‍റെ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു


പരീക്ഷകള്‍ പടിവാതില്കലെത്തി നില്‍ക്കേ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ജോലിചെയ്യുന്ന മിക്ക അധ്യാപകര്‍ക്കും ഈ സമയത്ത് മറ്റുജോലികള്‍ നല്‍കിയതാണ് പഠനത്തെ കാര്യമായി ബാധിച്ചിട്ടുള്ളത്.


കൃത്യമായി പാഠപുസ്തകങ്ങള്‍ ലഭിക്കാതെയും മറ്റുചില കാരണങ്ങളാലും പഠനം പിന്നോട്ടുപോകുമ്പോള്‍ സ്‌പെഷല്‍ ക്ലാസ്സുകളിലൂടെ ശരിക്കും പഠനം നടക്കുന്ന മാസമാണ് ഫിബ്രവരി. ഒരുവര്‍ഷം പഠിച്ച കാര്യങ്ങള്‍ വീണ്ടും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനുള്ള സമയം കണ്ടെത്തലും ഈ മാസത്തിലാണ്. sslc പരീക്ഷയുമായി ബന്ധപ്പെട്ട ധാരാളം എഴുത്ത് കുത്തുകളും പത്താം ക്ലാസ്സിലെ ക്ലാസധ്യാപകന്‍ തന്നെ ചെയ്യേണ്ടതായുണ്ട്. എന്നാല്‍ ഫിബ്രവരി ഒമ്പതുമുതല്‍ മാര്‍ച്ച് അഞ്ചുവരെയുള്ള 24 ദിവസങ്ങളില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍, ജനസംഖ്യാ കണക്കെടുപ്പ് എന്നീ ആവശ്യങ്ങള്‍ക്കായി അധ്യാപകസേവനം ഉപയോഗപ്പെടുത്തുന്നതിനാണ് സര്‍ക്കാര്‍തലത്തില്‍ ശ്രമം നടക്കുന്നത്.

ഉച്ചവരെ ക്ലാസ്സും അതിനുശേഷം പാതി അവധിയെടുത്ത് ഈ ജോലികളും ചെയ്യാനാണ് അധ്യാപകര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. അല്ലെങ്കില്‍ 12 ദിനങ്ങളിലായി അവധിയെടുത്ത് തീര്‍ക്കാം. എന്നാല്‍ മിക്കയിടങ്ങളിലേക്കും ദൂരക്കൂടുതലുള്ളതിനാല്‍ രാവിലെതന്നെ പോയാലേ നിശ്ചയിക്കപ്പെട്ട അത്രയും ജോലികള്‍ ചെയ്തുതീര്‍ക്കാനാവൂ എന്നതാണ് സത്യം. ഫലത്തില്‍ ഈ ദിവസങ്ങളില്‍ അധ്യാപനം മുടങ്ങുന്നതിലേക്കാണ് കാര്യങ്ങളെത്തിയിരിക്കുന്നത്.

ഇതിനുപുറമെ മിക്ക അധ്യാപകര്‍ക്കും സ്ഥലംമാറ്റം നല്‍കിയിട്ടുള്ളതും ഒരുമാസം മാത്രം അവശേഷിച്ചിരിക്കുന്ന ഈ വേളയിലാണ്. വര്‍ഷങ്ങളായി എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ പേര്‍ രജിസ്റ്റര്‍ചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള ജോലികള്‍ നല്‍കി പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. എന്നാല്‍ അതിനുള്ള ശ്രമം സര്‍ക്കാരിന്റെ ഭാഗത്തുനിന്നില്ലാത്തതിനാല്‍ ദുരിതം പേറുന്നത് വിദ്യാര്‍ഥികളാണ്.

1 comment:

hindisopan said...

ഭാരത സെന്‍സസ് 2011 ഫെബ്രുവരി ഒന്‍പത് മുതല്‍ 28 വരെ നടത്തും. ഇതിന് മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ പുനപരിശോധനാഘട്ടവും ഉണ്ടാവും. കേരളത്തെ ആകമാനം 67500 ഓളം എന്യൂമറേഷന്‍ ബ്ളോക്കുകളായി തിരിച്ചിട്ടുണ്ട്. സെന്‍സസ് എടുക്കുന്നതിന് 66000 ത്തോളം എന്യൂമറേറ്റര്‍മാരേയും 11000 ത്തോളം സൂപ്പര്‍വൈസര്‍മാരേയും നിയമിച്ചു. കൂടാതെ 10 ശതമാനത്തോളം റിസര്‍വ്വ് എന്യൂമറേറ്റര്‍മാരും സൂപ്പര്‍വൈസര്‍മാരും ഉണ്ട്. ഇവരുടെ പരിശീലനത്തിന് 1740 മാസ്റര്‍ ട്രെയിനര്‍മാരുമുണ്ട്. ഫെബ്രുവരി എട്ടുവരെ എന്യൂമറേറ്റര്‍മാര്‍ തങ്ങള്‍ക്കനുവദിച്ച ബ്ളോക്കിന്റെ അതിര്‍ത്തി പരിശോധിച്ച് ലേ ഔട്ട് മാപ്പ് തയ്യാറാക്കും. സാധാരണ കുടുംബങ്ങളുടേയും സ്ഥാപനകുടുംബങ്ങളുടേയും കണക്കെടുക്കും. ഫെബ്രുവരി 28 രാത്രിയില്‍ ഭവനരഹിതരുടെ കണക്കെടുപ്പ് നടത്തും. മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വരെ പുനപരിശോധന നടത്തി ജനസംഖ്യാകണക്കെടുപ്പ് പൂര്‍ത്തിയാക്കും. കണക്കെടുപ്പ് പൂര്‍ത്തിയായി മൂന്നാഴ്ചയ്ക്കകം താത്കാലിക ജനസംഖ്യാ കണക്കുകള്‍ കമ്മീഷണര്‍ പുറത്തുവിടും. എന്യൂമറേറ്റര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടേയും സെന്‍സസ് ജോലി സാധാരണജോലിക്ക് പുറമേയാണ്. അധിക ജോലിക്ക് ഓണറേറിയം ലഭിക്കും. വയസ്, മാനസികമോ ശാരീരികമോ ആയ വൈകല്യങ്ങളുള്ളവരെപ്പറ്റിയും സ്ത്രീകള്‍ ചെയ്യുന്ന തൊഴിലിനെപ്പറ്റിയുമുള്ള വിവരങ്ങള്‍ കൃത്യമായി നല്‍കണം

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom