സ്‌റ്റോക്ക്‌ഹോം: ഗര്‍ഭാശയത്തിനു പുറത്തുള്ള ബീജസങ്കലനവിദ്യയാവിഷ്‌കരിച്ച് വന്ധ്യതാ ചികിത്സാ രംഗത്ത് വന്‍ വിപ്ലവത്തിനു വഴിതുറന്ന ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ റോബര്‍ട്ട് എഡ്വേര്‍ഡ്‌സിന് വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം. ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന് 32 വയസ്സു തികഞ്ഞതിനു ശേഷമാണ് ഈ വിദ്യയുടെ പിതാവിന് നൊബേല്‍ സമിതിയുടെ അംഗീകാരം ലഭിക്കുന്നത്.
ബ്രിട്ടനിലെ മാഞ്ചസ്റ്ററില്‍ ജനിച്ച എഡ്വേര്‍ഡ്‌സ് 1950കളിലാണ് വന്ധ്യതാ ചികിത്സാ രംഗത്ത് ഗവേഷണം തുടങ്ങുന്നത്. ശാരീരിക പ്രശ്‌നങ്ങളാല്‍ കുട്ടികളില്ലാത്ത ദമ്പതിമാരുടെ അണ്ഡവും ബീജവും പരീക്ഷണശാലയില്‍ സംയോജിപ്പിച്ച് ഭ്രൂണത്തെ മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ത്തന്നെ വളര്‍ത്തിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. മതമേധാവികളുടെയും യാഥാസ്ഥിതിക സമൂഹത്തിന്റെയും എതിര്‍പ്പും സാമ്പത്തിക പരാധീനതയും മറികടന്ന് പതിറ്റാണ്ടുകള്‍ നീണ്ട ഗവേഷണം 1978 ജൂലായ് 25ന് പൂര്‍ണവിജയം കണ്ടു. അന്നാണ് ലോകത്തെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ലൂയിസ് ബ്രൗണ്‍ ജനിച്ചത്. സംശയാലുക്കളുടെ ആശങ്കകള്‍ അസ്ഥാനത്താണെന്നു തെളിയിച്ചുകൊണ്ട് ആ പെണ്‍കുട്ടി ആരോഗ്യത്തോടെ വളര്‍ന്നു, അമ്മയായി.
ലൂയിസ് ബ്രൗണിന്റെ പിന്‍ഗാമികളായി ലോകമെമ്പാടുമായി 37.5 ലക്ഷം ടെസ്റ്റ് ട്യൂബ് ശിശുക്കള്‍ ഇതിനകം ജന്മമെടുത്തു കഴിഞ്ഞു. ഇപ്പോള്‍ പ്രതിവര്‍ഷം രണ്ടര ലക്ഷം പേര്‍ ഈ സാങ്കേതിക വിദ്യയിലൂടെ അമ്മയാകുന്നു. വന്ധ്യതാ ചികിത്സാ രംഗത്തെ ഏറ്റവും ഫലപ്രദമായ മാര്‍ഗമായി ലോകം ഇന്‍ വിര്‍ട്ടോ ഫെര്‍ട്ടിലൈസേഷ (ഐ.വി.എഫിനെ അംഗീകരിച്ചു കഴിഞ്ഞു.
സ്ത്രീരോഗ വിദഗ്ധന്‍ പാട്രിക് സ്റ്റെപ്പോ ആയിരുന്നു എഡ്വേര്‍ഡ്‌സിന്റെ ഗവേഷണ പങ്കാളി. ലണ്ടനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലും കേംബ്രിജ് സര്‍വകലാശാലയിലുമായിരുന്നു ഗവേഷണങ്ങള്‍. പിന്നീട് ഇരുവരും ചേര്‍ന്നു സ്വന്തം സ്ഥാപനം തുടങ്ങി. സ്റ്റെപ്പോ 1988-ല്‍ മരിച്ചു. എണ്‍പത്തഞ്ചു വയസ്സുള്ള എഡ്വേര്‍ഡും അവശനാണിപ്പോള്‍. പുരസ്‌കാര വാര്‍ത്തയോട് പ്രതികരിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. എന്നാല്‍ അദ്ദേഹം ജന്‍മം നല്‍കിയ ലൂയിസ് ബ്രൗണ്‍ നൊബേല്‍ സമ്മാനലബ്ധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. കാലം തെളിയിച്ച ശാസ്ത്ര നേട്ടങ്ങള്‍ക്കേ ശാസ്ത്ര നൊബേല്‍ നല്‍കാറുള്ളൂ എന്നതുകൊണ്ടാണ് എഡ്വേര്‍ഡ്‌സിനുള്ള പുരസ്‌കാരം ഇത്ര വൈകിയത്.
1 comment:
സര്‍, മലപ്പൂറം സ്ക്കൂള്‍ ന്യൂസില്‍ മലയാളം അദ്ധ്യാപകരുടെ ബ്ലോഗായ www.schoolvidyarangam.blogspot.com ന്റെ ഒരു ലിങ്ക് നല്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Post a Comment