Mar 24, 2014
അധ്യാപക വിദ്യാര്‍ഥി അനുപാതം: സര്‍ക്കാര്‍ അധ്യാപകരോട് വിവേചനം കാണിക്കുന്നതായി പരാതി
അധ്യാപക വിദ്യാര്‍ഥി അനുപാതം സംബന്ധിച്ച ഉത്തരവില്‍ സര്‍ക്കാര്‍ അധ്യാപകരോട് വിവേചനം കാണിക്കുന്നതായി പരാതി. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:45 ആണ്. ഇതുപ്രകാരം തസ്തിക നിര്‍ണയം നടത്തുമ്പോള്‍ സംസ്ഥാനത്താകെ 3000-ത്തിലധികം സര്‍ക്കാര്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടമാകുമെന്ന് അധ്യാപകസംഘടനകള്‍ പറയുന്നു. അഞ്ചിലധികം പേര്‍ പുറത്തുപോകേണ്ടിവരുന്ന സ്‌കൂളുകള്‍ പോലുമുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല ഇപ്പോള്‍ പി.എസ്.സിയുടെ എല്‍.പി.എസ്.എ, യു.പി.എസ്.എ ലിസ്റ്റിലുള്ളവര്‍ക്കും ജോലി ലഭിക്കാതെ വരും. എന്നാല്‍ അധികമുള്ള അധ്യാപകരെ നിലനിര്‍ത്താന്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് ഉത്തരവില്‍ ഇളവ് നല്‍കുന്നുണ്ട്. വ്യക്തിഗത മാനേജ്‌മെന്റുകളുടെ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകര്‍ പുറത്താകുകയാണെങ്കില്‍ അവരെ നിലനിര്‍ത്താന്‍ ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളില്‍ 1:30ഉം അഞ്ചുമുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 1:35 എന്ന അനുപാതവും ഉപയോഗിക്കാം.
നിയമനാംഗീകാരമുള്ള ഭാഷാധ്യാപകരെ നിലനിര്‍ത്തുന്നതിനും 1:30, 1:35 അനുപാതത്തിന്റെ ആനുകൂല്യം ഉപയോഗിക്കാമെന്നും ഉത്തരവിലുണ്ട്. ഇവയെല്ലാം മാനേജ്‌മെന്റ് സ്‌കൂളുകളെ സഹായിക്കുന്നതാണെന്നാണ് ഒരു വിഭാഗം അധ്യാപകര്‍ പറയുന്നത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരും പി.എസ്.സി വഴി നിയമനം ലഭിച്ചവരുമായവര്‍ പുതിയ രീതിപ്രകാരം പുറത്ത് പോകേണ്ടിവരും. ഇതില്‍ മുതിര്‍ന്ന അധ്യാപകരുമുണ്ട്. സാധാരണ 51-ല്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ രണ്ട് ഡിവിഷനുകളാക്കാറാണ് പതിവ്. പക്ഷേ, പുതിയ ഉത്തരവ് പ്രകാരം ഇവ ഒരു ഡിവിഷനായി ചുരുങ്ങും. അങ്ങനെ വരുമ്പോള്‍ ഒരു ക്ലാസില്‍തന്നെ കൂടുതല്‍ കുട്ടികള്‍ പഠിക്കേണ്ടിയുംവരും. ഇതിനോട് രക്ഷിതാക്കള്‍ക്ക് താത്പര്യമില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളെ എയ്ഡഡ് സ്‌കൂളുകളിലേക്ക് മാറ്റിച്ചേര്‍ക്കാന്‍ രക്ഷിതാക്കാളെ ഇത് നിര്‍ബന്ധിതരാക്കുമെന്നും അധ്യാപകര്‍ പറയുന്നു. ഏപ്രില്‍ 30-നകം തസ്തികനിര്‍ണയം നടത്തി എല്ലാ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും വിദ്യാഭ്യാസ ഉപഡയറക്ടറെ അറിയിക്കണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.
കടപ്പാട്: mathrubhumi.com
Subscribe to:
Post Comments (Atom)
1 comment:
കാലാകാലങ്ങളായി വിവിധ സര്‍ക്കാറുകള്‍ പ്രൈവറ്റ് സ്കൂള്‍ അധ്യാപകരോട് കാണിക്കുന്ന വിധേയത്വം ഇപ്രാവശ്യവും കാണിച്ചു.
Post a Comment