Jul 12, 2011

വിദ്യാലയങ്ങളിലെ ഏകദിന പരിശോധന ഇന്ന് പകര്‍ച്ചപ്പനിക്കിടയിലെ ഏകദിന പരിശോധന: അധ്യാപകര്‍ ആശങ്കയില്‍

മാതൃഭൂമി വാര്‍ത്ത വായിക്കുക. കാളികാവ്: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏകദിന പരിശോധന ചൊവ്വാഴ്ച നടക്കും. പകര്‍ച്ചപ്പനിയും മഴക്കാല രോഗങ്ങളും പടര്‍ന്നുപിടിച്ച സമയത്ത് പരിശോധന നടക്കുന്നത് അധ്യാപകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന പരിശോധനയുടെ കണക്കനുസരിച്ചാണ് അധ്യാപക തസ്തികകള്‍ നിര്‍ണയിക്കുക.

ആറാം പ്രവൃത്തിദിവസം അടിസ്ഥാനമാക്കി പ്രധാനധ്യാപകര്‍ നല്‍കിയ കണക്കനുസരിച്ചുള്ള വിദ്യാര്‍ഥികള്‍ ഹാജരായിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുക.

പകര്‍ച്ചാ രോഗങ്ങള്‍ പടര്‍ന്നുപിടിച്ചതിനാല്‍ ക്ലാസുകളില്‍ ഹാജര്‍നിലയില്‍ ഗണ്യമായ കുറവാണുണ്ടായിട്ടുള്ളത്. പരിശോധന നടക്കുന്ന ദിവസം പരമാവധി കുട്ടികളെ ക്ലാസുകളിലെത്തിക്കുന്നതിന് അധ്യാപകര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ കുറവിനെത്തുടര്‍ന്ന് ഡിവിഷന്‍ നഷ്ടപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ മാത്രമല്ല, സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകരും നെട്ടോട്ടത്തിലാണ്. മിക്ക വിദ്യാലയങ്ങളിലേയും അധ്യാപകര്‍ അവധിയിലായ കുട്ടികളുടെ വീടുകള്‍ തിങ്കളാഴ്ച മുതല്‍ കയറിത്തുടങ്ങിയിട്ടുണ്ട്.


കിടത്തിച്ചികിത്സയ്ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നവരെയും ശാരീരിക വേദനകളും ഛര്‍ദിയും മറ്റും അനുഭവിക്കുന്ന കുട്ടികളേയും വിദ്യാലയത്തിലേക്ക് വിടാന്‍ രക്ഷിതാക്കള്‍ മടിക്കുന്നത് അധ്യാപകരുടെ പൂര്‍ണ ഹാജര്‍ ശ്രമത്തിന് തടസ്സമായിട്ടുണ്ട്.

ലക്ഷങ്ങള്‍മുടക്കി നിയമനംനേടിയ എയിഡഡ് സ്‌കൂള്‍ അധ്യാപകര്‍ ഏകദിന പരിശോധനയെ നെഞ്ചിടിപ്പോടെയാണ് നോക്കിക്കാണുന്നത്. യൂണിഫോം, ബാഗ്, കുട ഉള്‍പ്പെടെയുള്ള പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കിയാണ് ചില വിദ്യാലയങ്ങള്‍ കുട്ടികളെ ആകര്‍ഷിച്ചത്.

സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്കും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കുമാണ് പരിശോധനാച്ചുമതലയുള്ളത്. അണ്‍ എയ്ഡഡ് സ്‌കൂള്‍ ഉള്‍പ്പെടെയുള്ള വിദ്യാലയങ്ങളിലും ഒരേദിവസം പരിശോധന നടക്കുന്നതിനാല്‍ ഒരുതരത്തിലുള്ള ക്രമക്കേടും സംഭവിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

1:40 എന്നാണ് നിലവിലുള്ള അധ്യാപക- വിദ്യാര്‍ഥി അനുപാതം. പുതിയ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ ഇത് 1:30 ആക്കണമെന്ന നിര്‍ദേശമുണ്ട്. പരിഷ്‌കരിച്ച അനുപാതം നിലവില്‍ വന്നാല്‍പ്പോലും നിരവധി അധ്യാപക തസ്തികകള്‍ക്ക് ഭീഷണിയാണ്. കണക്കെടുപ്പ് പൂര്‍ത്തിയാക്കി ചൊവ്വാഴ്ച അഞ്ചിനുമുമ്പ് ഉപജില്ലാ ഓഫീസുകളില്‍ നല്‍കണമെന്നാണ് നിര്‍ദേശം.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom