Feb 21, 2014

ശമ്പള പരിഷ്‌കരണ കമ്മീഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു

          പെന്‍ഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൂടി ചേര്‍ത്ത് ശമ്പള പരിഷ്‌ക്കരണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ പുതുക്കി നിശ്ചയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും എയ്ഡഡ് ഉള്‍പ്പെടെയുള്ള കോളേജുകളിലെയും സ്‌കൂളുകളിലെയും അധ്യാപകരുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലാ ജീവനക്കാര്‍ എന്നിവരുടെയും ശമ്പളത്തിലും ബത്തകളിലും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക, ഇവരുടെ നിലവിലുള്ള സേവന വേതന വ്യവസ്ഥകളും പ്രമോഷന്‍ സാധ്യതകളും പരിശോധിക്കുകയും മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക ഗസറ്റഡ്, നോണ്‍ ഗസറ്റഡ് തസ്തികകളിലെ എന്‍ട്രി കേഡറില്‍ വളരെ നാളായി തുടരുന്നവര്‍ക്ക് കരിയര്‍ അഡ്വാന്‍സ്‌മെന്റ് പദ്ധതി പോലുള്ള നോണ്‍-കേഡര്‍ പ്രൊമോഷനുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുക, സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് നിലവിലുള്ള ആനുകൂല്യങ്ങള്‍ പരിശോധിച്ച് മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുക,
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ ലഭ്യമായതും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇല്ലാത്തതുമായ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന്റെ സാധ്യത പരിഗണിക്കുക, ചില വിഭാഗം ജീവനക്കാര്‍ക്ക് നല്‍കിയ ക്രമാതീതമായ ശമ്പള വര്‍ദ്ധന മൂലമുണ്ടായതുള്‍പ്പെടെയുള്ള കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിലെ അനോമിലികള്‍ പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കുക, പുതിയ നിര്‍ദ്ദേശങ്ങള്‍ മൂലമുള്ള സാമ്പത്തിക ബാധ്യത കണക്കാക്കുക, കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള ആരോഗ്യ പാക്കേജ് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കുക എന്നിവയാണ് പുതിയ കമ്മീഷന്റെ ചുമതലകള്‍. നിലവിലെ സിവില്‍ സര്‍വീസ് സംവിധാനത്തെ മൊത്തമായി പരിശോധിച്ച്, അതിന്റെ കാര്യക്ഷമതയും സാമൂഹിക പ്രതിബദ്ധതയും വര്‍ദ്ധിപ്പിക്കുവാനും സേവനാവകാശ നിയമത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജനസൗഹൃദമാക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കാനുള്ള കമ്മീഷനെ നിയോഗിക്കാന്‍ ഫെബ്രുവരി 12-ലെ മന്ത്രിസഭാ യോഗമാണ് തീരുമാനം എടുത്തത്. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom