കഴിഞ്ഞദിവസം ചേര്‍ന്ന വിദ്യാഭ്യാസ ഗുണമേന്മാ പരിശോധനാ സമിതിയില്‍ വിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കര്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിച്ചു. അധ്യാപക പാക്കേജ് നടപ്പാക്കുന്നതിനുള്ള ഉത്തരവ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രസിദ്ധീകരിക്കും.
നാലാംക്ലാസ് വരെ 1:30 ഉം അഞ്ചുമുതല്‍ 10 വരെ 1:35 ആണ് അധ്യാപക വിദ്യാര്‍ഥി അനുപാതം. അടുത്തവര്‍ഷം മുതലായിരിക്കും ഇത് നടപ്പാകുക. 100 കുട്ടികളില്‍ കൂടുതലുള്ള യു.പിയിലും 150 കുട്ടികളില്‍ കൂടുതലുള്ള എല്‍.പിയിലും ഹെഡ്മാസ്റ്റര്‍മാരെ അധ്യാപന ചുമതലയില്‍നിന്ന് ഒഴിവാക്കും. അപ്പോള്‍ ഉണ്ടാകുന്ന ഒഴിവില്‍ നിയമനാധികാരം മാനേജ്‌മെന്‍റിന് നല്‍കണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നെങ്കിലും അധ്യാപക സംഘടനാ പ്രതിനിധികളായ എം. ഷാജഹാന്‍- കെ.എസ്.ടി.എ, എന്‍. ശ്രീകുമാര്‍-എ.കെ.എസ്.ടി. യു. എന്നിവര്‍ ആ നിര്‍ദേശത്തെ എതിര്‍ത്തു. ഇങ്ങനെയുണ്ടാകുന്ന ഒഴിവ് നികത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഇപ്പോള്‍ ഇറങ്ങുന്ന ഉത്തരവില്‍ ഉണ്ടാകാനിടയില്ല.
നിലവില്‍ 3389 അധ്യാപകര്‍ ജോലിചെയ്യാതെ ശമ്പളം വാങ്ങുന്നുണ്ട്. 2981 പേര്‍ പ്രൊട്ടക്ഷനോടെ സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി ചെയ്യുന്നു. 97 നുശേഷം ജോലി നഷ്ടപ്പെട്ട് പുറത്തുപോകേണ്ടിവന്നവര്‍ 1700 ആണെന്ന് കണക്കാക്കുന്നു. ആകെ 8070 പേരാണ് ടീച്ചേഴ്‌സ് ബാങ്കില്‍ ഉള്‍പ്പെടുക. അനുപാതം കുറയുന്നതുമൂലമുണ്ടാകുന്ന ഒഴിവ് ഇവരെ ഏറെക്കുറെ നിയമിക്കാന്‍ തികയുമെന്നാണ് കണക്കാക്കുന്നത്. കായിക പരിശീലനം നല്‍കി കുറച്ചധ്യാപകരെ കായിക പരിശീലനത്തിന് നിയോഗിക്കുമെന്ന് പാക്കേജില്‍ പറഞ്ഞിരുന്നെങ്കിലും അതിന്റെ ആവശ്യം വരില്ലെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്.
മന്ത്രിസഭ അംഗീകരിച്ച അധ്യാപക പാക്കേജില്‍ കാര്യമായ മാറ്റങ്ങള്‍ ഇനിയുണ്ടാകില്ല. അധിക ഒഴിവുകളിലേക്കുള്ള അധ്യാപക നിയമനം അടുത്ത വര്‍ഷമേ ഉണ്ടാകൂയെന്നാണ് കരുതുന്നത്. എല്ലാ സ്‌കൂളുകളും പുറത്തുപോയ അധ്യാപകരുടെയും ക്ലയിം ഉള്ളവരുടെയും സീനിയോറിറ്റി ലിസ്റ്റ് ഉടന്‍ തയ്യാറാക്കണം. ലിസ്റ്റ് നെറ്റില്‍ പ്രസിദ്ധീകരിക്കും. അവയിന്മേലുള്ള പരാതികേട്ട് തീര്‍പ്പാക്കിയശേഷമേ ലിസ്റ്റ് തീര്‍പ്പാക്കൂ.
No comments:
Post a Comment